Letters
ഇതും മനുഷ്യാവകാശ ലംഘനമല്ലേ?
Wednesday, September 21, 2016 1:51 PM IST
സർക്കാർ ഉദ്യോഗസ്‌ഥരിൽ ഏറ്റവും കൂടുതൽ കഷ്‌ടപ്പെടുന്ന ഒരു വിഭാഗമാണ് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ. ഹയർ സെക്കൻഡറി സ്കൂളിൽ പ്യൂണും ക്ലാർക്കുമില്ല. ഇവരുടെ ജോലികൾ പ്രിൻസിപ്പൽ സ്വയം ചെയ്യുകയോ മറ്റ് അധ്യാപകരെക്കൊണ്ടു ചെയ്യിക്കുകയോ വേണം.

സ്കൂൾ അച്ചടക്കം നിലനിർത്തുക എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ബാലാവകാശ കമ്മീഷന്റെയും മനുഷ്യാവകാശ സംഘടനകളുടെയുമൊക്കെ നിരന്തരമായ ഇടപെടലുകൾമൂലം അച്ചടക്കലംഘകരായ വിദ്യാർഥികൾക്കെതിരേ നടപടിയെടുക്കാൻ പ്രിൻസിപ്പൽമാർക്കു കഴിയുന്നില്ല.

ക്രിമിനലുകളെപ്പോലെ പെരുമാറുന്ന വിദ്യാർഥികൾക്കു മുന്നിൽപ്പോലും നിസഹായരായി നിൽക്കേണ്ട അവസ്‌ഥ. പുറത്തുനിന്നുള്ള അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ പ്രശ്നം വഷളാക്കുകയും ചെയ്യുന്നു.

ഇതിനൊക്കെ പുറമേ ക്ലാസുകളിൽപോയി മറ്റ് അധ്യാപകരെപ്പോലെ പഠിപ്പിക്കുകയും വേണം. പലപ്പോഴും ക്ലാസെടുക്കാൻ പറ്റുന്ന മാനസികാവസ്‌ഥയിലായിരിക്കില്ല പ്രിൻസിപ്പൽമാർ. നാലോ അഞ്ചോ ആൾ ചെയ്യേണ്ട ജോലിയാണ് ഒരാൾതന്നെ ചെയ്യുന്നത്. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണിത്.

കുറച്ചുവർഷം മുമ്പ് ചില പ്രിൻസിപ്പൽമാർ തങ്ങളോടുള്ള അവഗണനയ്ക്കെതിരേ പ്രതിഷേധിച്ചപ്പോൾ അന്നത്തെ സർക്കാർ പോലീസിനെ ഉപയോഗിച്ച് അവരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയാണു ചെയ്തത്. ലാത്തികൊണ്ടുള്ള അടിയേറ്റ് തലപൊട്ടി ചോരയൊലിച്ചു കിടക്കുന്ന ഒരു അധ്യാപകന്റെ ചിത്രം ഇന്നും മനസിലുണ്ട്.

പുതിയ വിദ്യാഭ്യാസമന്ത്രി ഒരു അധ്യാപകനായതിനാൽ ഒരുപക്ഷേ പ്രിൻസിപ്പൽമാരുടെ പ്രശ്നങ്ങൾ അദ്ദേഹത്തിനു മനസിലാകുമെന്നു വിചാരിക്കുന്നു. കുറഞ്ഞപക്ഷം അധ്യാപനത്തിൽനിന്നെങ്കിലും ഇവരെ ഒഴിവാക്കണം. പുതിയ സർക്കാർ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുൻകൈയെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

<ആ>ബെന്നി സെബാസ്റ്റ്യൻ, കുന്നത്തൂർ