Letters
തണ്ണീർത്തടങ്ങളും കെല്ലികളും
Tuesday, October 18, 2016 4:41 PM IST
തണ്ണീർത്തടങ്ങൾ പ്രകൃതിയാൽ ഉണ്ടായതാണ്. അതു മാലിന്യരഹിതമായി സംരക്ഷിക്കേണ്ടതു പരിസ്‌ഥിതിക്ക് അത്യാവശ്യമാണ്. അതുപോലെയല്ല മധ്യകേരളത്തിലും കിഴക്കൻ പ്രദേശത്തും ഉണ്ടായിരുന്ന കെല്ലികൾ. അതു നിരത്തി കൃഷിക്കാർ പാടമാക്കി നെൽകൃഷി നടത്തുകയായിരുന്നു.

ചില നേതാക്കളുടെ മുരട്ടുവാദം മൂലം ആധുനിക യന്ത്രങ്ങൾ വയലിൽ ഇറക്കാൻ പറ്റാത്ത സാഹചര്യത്തിൽ നഷ്ടത്തിലായ കൃഷി തുടരാൻ കഴിയാതെ അവ കാടുപിടിച്ചു കിടക്കുന്നു. ചിലയിടത്തു മറ്റു കൃഷികൾ ചെയ്യുന്നു. അതിന്റെ രണ്ടു വ ശത്തും പുരയിടങ്ങൾ ആയതിനാൽ അതിലുള്ള നാണ്യവിളകൾ മൂലം പാടത്തേയ്ക്ക് ഇരമ്പ് വീണു പാട ത്തിന്റെ പകുതിയും നെൽകൃഷിക്കു കൊള്ളാത്തതാണ്.

ഈ സ്‌ഥലങ്ങളിൽ മത്സ്യകൃഷി നടത്തുകയോ വാഴ, കപ്പ മുതലായവ കൃഷി ചെയ്യുകയോ ചെയ്താലേ ലാഭകരമാകുകയുള്ളൂ. എന്തുകൊണ്ട് ഈ നിലങ്ങളെല്ലാം കാടുപിടിച്ചു കിടക്കുന്നു എന്നതും ചിന്തിക്കണം.

ഭൂമിയിൽ വീഴുന്ന വെള്ളം ഒലിച്ചുപോകാതെ ഭൂഗർഭത്തിലേക്ക് എത്തിക്കുന്നതിനാണു ശ്രദ്ധിക്കേണ്ടത്. പ്ലാസ്റ്റിക് അടിയണകളും റബർ തടയണകളും കെട്ടി ജലത്തെ സംരക്ഷിക്കാം. ആറും തോടും കണ്ടൽക്കാടുകളും നശിപ്പിക്കാതെ, ഇരുപുറവും കൽക്കെട്ടു കെട്ടാതെ പരിസ്‌ഥിതിക്കു യോജിച്ച രീതിയിൽ സംരക്ഷിക്കണം.

ഇസ്രയേലിലേതുപോലെ ജലസേചനം ശാസ്ത്രീയമാക്കണം. പാറമടകൾ ശാസ്ത്രീയമാക്കി നല്ല ജലസംഭരണി ആക്കണം. ഭൂഗർഭത്തിൽനിന്ന് എടുക്കുന്ന ജലം അങ്ങോട്ടു തിരിച്ചുവിടണം. പാടം നികത്തിയതുകൊണ്ടു ജലമില്ല എന്നുപറഞ്ഞു കൃഷിക്കാരെ പീഡിപ്പിക്കുകയാണ്.

1970 വരെയും വായ്പ എടുത്ത് കൃഷി ലാഭകരമാക്കി ചെയ്യാൻ കഴിഞ്ഞിരുന്നു. 1969ലെ ബാങ്ക് ദേശസാത്കരണത്തോടുകൂടി ബാങ്കുകൾ ബ്ലേഡ് ആയി മാറുകയാണ് ചെയ്തത്.

വിദേശ രാജ്യങ്ങളിൽ ബാങ്കുകൾ തകർന്നടിഞ്ഞപ്പോൾ ഇന്ത്യയിൽ അമിത പലിശ ചുമത്തി സഹകരണ– സ്വകാര്യ– പൊതുമേഖല ബാങ്കുകൾ വൻ വളർച്ച നേടുകയാണു ചെയ്തത്. കർഷകർ ആത്മഹത്യയിലും അഭയം തേടി. ഒരു രാഷ്ട്രത്തിന്റെ ജീവനാഡി 365 ദിവസവും പണിയെടുക്കുന്ന കൃഷിക്കാരാണ് എന്ന തിരിച്ചറിവ് ഉണ്ടാകണം.

എം.കെ. സിറിയക് മറ്റത്തുമാനാൽ, മരങ്ങാട്ടുപിള്ളി