Letters
നമ്മുടെ ജീവിതം ക്യൂനിൽക്കാനുള്ളതോ?
Monday, November 28, 2016 1:42 PM IST
പണം മാറാൻവേണ്ടി മണിക്കൂറുകൾ ക്യൂവിൽനിന്ന പലർക്കും കിട്ടിയത് 2000 രൂപ നോട്ടുകൾ. ചില്ലറയ്ക്കുവേണ്ടി സ്ത്രീകളും പ്രായമായവരും അലയുന്നു. കടകളിലും ബാങ്കുകളിലും മറ്റും ചില്ലറ മാറാൻ കഴിയാതെ ഭക്ഷ്യസാധനങ്ങളും മറ്റ് ആവശ്യ വസ്തുക്കളും വാങ്ങാൻ കഴിയാതെ നട്ടംതിരിയുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ ആര് അന്വേഷിച്ചു പരിഹാരം കാണും? ജനങ്ങൾക്കുവേണ്ടിയുള്ള സഹകരണ ബാങ്കുകളിൽനിന്ന്, അക്കൗണ്ടിൽ ഉള്ള പണം പോലും നൽകാതെ ഇതുപോലെ ബുദ്ധിമുട്ടിച്ച ഒരു കാലവും ഉണ്ടായിട്ടില്ല. ഇനിയും സഹകരണ ബാങ്കുകളിൽ ഡിപ്പോസിറ്റ് ഇടാൻ ജനം മടിക്കും. ആവശ്യത്തിന് ഉപകരിക്കാതിരുന്ന ബാങ്കിംഗ് സ്‌ഥാപനങ്ങൾ ജനങ്ങൾക്ക് എന്തിന്? ഇനി 100, 50, 20, 10 രൂപ നോട്ടുകൾക്കുവേണ്ടിയും ജനം ഓടേണ്ട സാഹചര്യം ഉണ്ടാകുമോ? ജനം ഓടുന്നതുകണ്ട് സന്തോഷിക്കുന്ന ഭരണാധികാരികളും ഉദ്യോഗസ്‌ഥരും നാടിന്റെ ശാപമാണ്!

സംസ്‌ഥാന സർക്കാർ കേന്ദ്രത്തെ കുറ്റംപറയുക മാത്രം ചെയ്യാതെ സഹകരണ ബാങ്കുകൾ വഴി പണം ലഭ്യമാക്കി ജനത്തെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇപ്പോൾ റേഷനരിയും കിട്ടുന്നില്ല. വൻ തുക നൽകി പൊതുവിപണിയിൽ നിന്നു അരിയും സാധനങ്ങളും വാങ്ങണം. ആരുണ്ടിവിടെ ചോദിക്കാൻ? എല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ?

എന്തിന് ഇങ്ങനെയൊരു സർക്കാർ? ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതെ എന്തിനീ ഭരണകൂടം?

ജോൺ പുല്ലാട്, കല്ലാർ