Letters
സഹകരണമേഖലയെ തകർക്കരുത്
Tuesday, December 6, 2016 3:47 PM IST
മനുഷ്യചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സാമ്പത്തിക സഹവർത്തിത്വമെന്നാണു സഹകരണമേഖലയെ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക പ്രവർത്തനം നടത്തുന്ന മനുഷ്യരുടെ സർഗാത്മക കൂട്ടായ്മയാണു സഹകരണ പ്രസ്‌ഥാനങ്ങൾ. കേരളത്തിലെ സഹകരണ പ്രസ്‌ഥാനം ഇപ്പോൾ കനത്ത വെല്ലുവിളി നേരിടുകയാണ്.

ഗ്രാമീണ–അർധനഗര ജീവിതത്തിൽ നിർ ണായകമായ പദവി വഹിച്ചുവരുന്ന സഹകരണ പ്രസ്‌ഥാനം പതറുന്ന കാഴ്ചയാണു നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട് കാണുന്നത്. 1611 പ്രാഥമിക സഹകരണ ബാങ്കുകളും 2434 വായ്പാ സംഘങ്ങളും 4651 പ്രാഥമിക സംഘങ്ങളും 5926 പലവക സംഘങ്ങളും 784 ശാഖകളുള്ള 14 ജില്ലാ സഹകരണ ബാങ്കുകളും 20 കൺസ്യൂമർ സംഘങ്ങളുമുള്ള അതിവിപുലമായ ഒരു ശൃംഖല സംഘടിതമായ സാമ്പത്തിക–രാഷ്ട്രീയ ആക്രമണത്തിനു മുമ്പിൽ പതറുകയാണ്.

കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം 1.6 ലക്ഷം കോടി രൂപ വരും. അതിൽ 80 ശതമാനം പ്രാഥമിക സംഘങ്ങളി ലാണ്. ഒരു ലക്ഷം കോടി രൂപ വായ്പയു മുണ്ട്. അസാധുവാക്കിയ കറൻസി സ്വീകരിക്കാൻ തുടക്കത്തിൽ സഹകരണ ബാങ്കുകൾക്കു നൽകിയ അനുവാദം കാരണമൊന്നും വിശദീകരിക്കാതെ റിസർവ് ബാങ്ക് റദ്ദാക്കുകയായിരുന്നു.

സാധാരണ ജനങ്ങളുടെ നിയന്ത്രണത്തിൽ തങ്ങൾക്ക് അപ്രാപ്യമായ സമ്പത്ത് കേന്ദ്രീകരണം നടക്കുന്നതു മൂലധനശക്‌തികൾക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. സഹക രണ സമ്പദ്ഘടനയെ ദുർബലപ്പെടുത്തുന്ന ഏതു നീക്കത്തെയും ചെറുത്തു പ്രസ്‌ഥാ നത്തെ നിയമാനുസൃതം ജനകീയ പിന്തുണയോടെ സംരക്ഷിച്ചു നിലനിർത്തേണ്ടതു കേരളത്തിന്റെ ജനാധിപത്യ ഉത്തരവാദിത്വമാണ്. വാണിജ്യ ബാങ്കുകളേക്കാൾ കൂടുതൽ ഇടപാടുകാർ സഹകരണ സ്‌ഥാപനങ്ങളിലുണ്ട്. സഹകരണരംഗത്തു നിയമനിഷേധ മുണ്ടെങ്കിൽ വ്യവസ്‌ഥാപിത മാർഗത്തിലൂടെ അതു കണ്ടെത്താൻ റിസർവ് ബാങ്കും കേന്ദ്രസർക്കാരും തയാറാകേണ്ടതിനു പകരം സഹകരണ മേഖലയെ തകർക്കുന്ന സാഹച ര്യം സൃഷ്ടിക്കരുതായിരുന്നു. നോട്ട് റദ്ദാക്കൽ ഉണ്ടാക്കിയ സാഹചര്യം മുതലാക്കി സഹക രണ പ്രസ്‌ഥാനത്തെ ഉന്മൂലനം ചെയ്യാനുള്ള പുറപ്പാട് അടിത്തട്ട് സമൂഹത്തിന്റെ തകർച്ചയ്ക്കു മാത്രമേ വഴിവയ്ക്കുകയുള്ളൂ.

ജോസ് തോമസ് ഒഴുകയിൽ, കട്ടപ്പന