ട്രാസ്ക് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
Friday, June 22, 2018 8:45 PM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്‍റെ (ട്രാസ്ക്) പുതിയ ഭാരവാഹികൾ, ഇന്ത്യൻ സ്ഥാനപതി ജീവ് സാഗറിനെ സന്ദർശിച്ചു ചർച്ച നടത്തി.

ഇന്ത്യയിലും കുവൈറ്റിലുമായി ട്രാസ്ക് കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി നടത്തി വരുന്ന പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങൾ, അർഹരായ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായം കൂടാതെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സ്വന്തമായി വീടുൾപ്പെടെ പല രീതിയിൽ നടത്തിവരുന്ന ക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പുതിയ കമ്മിറ്റിയുടെ വിശദ വിവരങ്ങൾ കൈമാറുകയും പന്ത്രണ്ടാം വർഷത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് വിശദമാക്കുകയും ചെയ്തു.

ഇന്ത്യക്കാരായ പ്രവാസികൾ കുവൈത്തിൽ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചും സംഘടനയുടെ ഭാഗത്തുനിന്നുകൊണ്ട് ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു.

പ്രസിഡന്‍റ് ബിജു കടവി, ജനറൽ സെക്രട്ടറി മനോജ് കുരുംബയിൽ, വൈസ് പ്രസിഡന്‍റ് ഹേമചന്ദ്രൻ മച്ചാട്, ജോയിന്‍റ് സെക്രട്ടറി വി.ഡി. പൗലോസ്, വനിതാവേദി ജനറൽ കണ്‍വീനർ ഷൈനി ഫ്രാങ്ക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രാസ്കിന്‍റെ സംഘടനാ മികവിനേയും പ്രവർത്തനങ്ങളേയും പ്രശംസിച്ച അംബാസഡർ ഇനിയും കൂടുതൽ സാമൂഹ്യ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ