പ്രളയദുരിതം: കേരളത്തിന് ഡോ.ബി.ആർ.ഷെട്ടിയുടെ രണ്ട് കോടി സഹായം
Monday, August 13, 2018 7:33 PM IST
അബുദാബി: കേരളത്തിലെ അതിവർഷവും വെള്ളപ്പൊക്കവും നിമിത്തം ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സഹായഹസ്തവുമായി യൂണിമണിയുടെയും യുഎഇ എക്സ്ചേഞ്ചിന്‍റേയും ചെയർമാൻ പത്മശ്രീ ഡോ. ബി.ആർ.ഷെട്ടി രണ്ട് കോടി രൂപയുടെ സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനയായി നൽകും.

കേരളത്തിലെ വിപുലമായ യൂണിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിൽ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപാർപ്പിച്ച അടിയന്തര കേന്ദ്രങ്ങളിൽ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാ സാമഗ്രികളും മറ്റും എത്തിക്കുന്നതിൽ ഇവർ വ്യാപൃതരാണ്.

യൂണിമണിയുടെയും യുഎഇ എക്സ്ചേഞ്ചിന്‍റേയും വളർച്ചയിൽ ഗണ്യമായ പങ്കുവഹിക്കുന്ന കേരളീയ സമൂഹത്തിന്‍റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസി മലയാളികളുടെ കൂടി മനസ് ഏറ്റെടുത്തുകൊണ്ടാണ് തങ്ങൾ ദുരന്ത നിവാരണ ശ്രമങ്ങളിൽ പങ്കാളികളാവുന്നതെന്ന് ഗ്രൂപ്പ് സിഇഒയും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള