കെഫാക് യൂണിമണി സോക്കര്‍ ലീഗ് സീസണിന് 7 ന് തുടക്കം
Monday, August 13, 2018 9:36 PM IST
കുവൈത്ത്: കേരള എകസ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കെഫാക് യൂണിമണി സോക്കര്‍ ലീഗ് സീസണ്‍ 7 ന് മിഷിരിഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം.

കുവൈത്തിലെ കളി ആരാധകരുടേയും കളിക്കാരുടെയും സാന്നിധ്യത്തില്‍ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ഇന്‍റർനാഷണല്‍ ഫുട്ബോളറും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിലയേറിയ താരവുമായ അനസ് എടത്തൊടിക ഉദ്ഘാടനം നിര്‍വഹിച്ചു.

കെഫാക് പ്രസിഡന്‍റ് ടി.വി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. യൂണിമണി മാര്‍ക്കറ്റിംഗ് മേധാവി രഞ്ജിത് എസ് പിള്ള, കേഫാക്ക് മുന്‍ പ്രസിഡന്‍റ് അബ്ദുള്ളല കാദിരി, കിഫ് പ്രതിനിധികളായ ഡെറിക് ഗോമിന്ടെസ് ,ഗാസ്പെര്‍ ക്രസ്റ്റ, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി മണ്ണാര്‍കാട് ,ആര്‍.ജെ സൂരജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു . അനസ് എടത്തൊടികക്കുള്ള ഉപഹാരം ടി വി സിദ്ദിക്കും വി.എസ് നജീബും അബ്ദുള്ള കാദിരിയും കൈമാറി.കേഫാക്കിന്‍റെ 21 സ്ഥാപക മെംബർമാരെ അനസ് ചടങ്ങില്‍ മൊമെന്‍റോ നല്‍കി ആദരിച്ചു. കേരളത്തിലെ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്.

കെഫാകിലെ 18 ക്ലബുകള്‍ പങ്കെടുത്ത പത്തു മിനിറ്റ് വീതമുള്ള പ്രദര്‍ശന മത്സരങ്ങളോടെയാണ് സീസണ്‍ സെവന്‍ ആരംഭിച്ചത്. ഉദ്ഘാടന സെഷനു ശേഷം സീസണിലെ ആദ്യ സോക്കര്‍ ലീഗ് മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചാമ്പ്യന്‍സ് എഫ്സിയും കെ.കെ. സുറയും ഏറ്റുമുട്ടി. നിറഞ്ഞ ഗാലറിയില്‍ ആവേശോജ്ജ്വലമായ മത്സരത്തില്‍ ചാമ്പ്യന്‍സ് എഫ്സിയുടെ സിറാജ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് ചാമ്പ്യന്‍സ് എഫ്സി വിജയിച്ചു .മാന്‍ ഓഫ് ദി മാച്ചായി ചാമ്പ്യന്‍സ് എഫ് സി താരം കിഷോറിനെ തെരഞ്ഞെടുത്തു .

പത്ത് മാസം നീണ്ടു നില്‍ക്കുന്ന ലീഗ് മത്സരങ്ങള്‍ മിഷിരിഫ് സ്പോര്‍ട്സ് അതോറിറ്റി സ്റ്റേഡിയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ഒമ്പതു വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത് .

റിപ്പോർട്ട് : സലിം കോട്ടയിൽ