സൗദിയിൽ വിദേശ നിക്ഷേപകർക്ക് 24 മണിക്കൂറിനുള്ളിൽ സന്ദർശ വീസ
Tuesday, January 10, 2017 7:25 AM IST
ദമാം: വിദേശ നിക്ഷേപകർക്ക് 24 മണിക്കൂറിനകം സന്ദർശന വീസ നൽകാൻ സൗദി ഉന്നതാധികാര സാമ്പത്തിക കൗൺസിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കു നിർദേശം നൽകി.

രാജ്യത്തെ വിവിധ സ്‌ഥാപനങ്ങളിലേക്കുള്ള ബിസിനസ് വീസ, വാണിജ്യ വ്യവസായികൾക്കുള്ള സന്ദർശന വീസ, ബിസിനസ് സംഘങ്ങൾക്കുള്ള സന്ദർശന വീസ എന്നിങ്ങനെ മൂന്ന് രീതിയിലായിരിക്കും ബിസിനസ് ആവശ്യാർഥമുള്ള സന്ദർശന വീസകൾ അനുവദിക്കുക. വാണിജ്യ വ്യവസായികൾക്കുള്ള സന്ദർശന വീസയും ബിസിനസ് സംഘങ്ങൾക്കുള്ള സന്ദർശന വീസയും ജനുവരി ഒന്നു മുതൽ അനുവദിച്ചു തുടങ്ങി.

വിവിധ സ്‌ഥാപനങ്ങളിലേക്കുള്ള ബിസിനസ് വീസ ഈ ആഴ്ച മുതൽ നൽകും.

പുതിയ സന്ദർശന വീസ നടപടികൾ സംബന്ധിച്ച സർക്കുലർ എല്ലാ സൗദി എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതിനകം അയച്ചു കഴിഞ്ഞു.

വാണിജ്യ വ്യവസായികൾക്കുള്ള സന്ദർശന വീസകൾ വേഗത്തിൽ അനുവദിക്കുന്നതിന് എംബസികളിലും കോൺസുലേറ്റുകളിലും പ്രത്യേക വിഭാഗം പ്രവർത്തിക്കും. വീസ നടപടികളെല്ലാം ഓൺലൈൻ മുഖേനയാണ് കൈകാര്യം ചെയ്യുക. സൗദി വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം