ദേശീയപാത വികസനം; ധവള പത്രം ഇറക്കാൻ കേരള സർക്കാർ തയാറാകണം: സി.ആർ. നീലകണ്ഠൻ
Thursday, January 19, 2017 7:18 AM IST
അബുദാബി: വികസനത്തിന്‍റെ പേര് പറഞ്ഞു ദേശീയ പാത 45 മീറ്റർ വേണമെന്ന സർക്കാരിന്‍റെ നിലപാട് കേരളത്തിന്‍റെ സാന്പത്തിക ഭദ്രതയെ തകർക്കുന്ന വന്പൻ തട്ടിപ്പിനുള്ള കളമൊരുക്കലാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടി കേരള ഘടകം കണ്‍വീനറുമായ സി.ആർ. നീലകണ്ഠൻ. ഇന്ത്യൻ മീഡിയ അബുദാബി ഒരുക്കിയ ന്ധമീറ്റ് ദി പ്രസ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ദേശീയപാത വികസനത്തിനായി 30 വർഷം മുൻപ് 30 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ട് എന്തുകൊണ്ട് റോഡ് വികസിപ്പിച്ചില്ല? 45 മീറ്റർ ഏറ്റെടുത്ത് പണികൾ നടത്തിയ മണ്ണുത്തി അങ്കമാലി റോഡിൽ എത്ര മീറ്ററിൽ റോഡ് പണിതു? ബാക്കിയുള്ള ഭാഗം എന്തിനുവേണ്ടി വെറുതെ ഇട്ടിരിക്കുന്നു ? കരമന മുതൽ കളിയിക്കാവിള വരെ 23 മീറ്റർ വീതിയിൽ ആറു വരി പാത നിർമിക്കാമെങ്കിൽ എന്തിനു 45 മീറ്റർ ഏറ്റെടുക്കണം? ഈ ചോദ്യങ്ങൾക്ക് കേരള ജനതയോട് സർക്കാർ ഉത്തരം പറയണം. ബിഒടി അടിസ്ഥാനത്തിലാണ് റോഡ് നിർമിക്കുന്നതെന്ന സത്യവും കേരളത്തിലെ ദേശീയപാതയിൽ 27 ടോൾ ബൂത്തുകളാണ് വരുന്നതെന്ന യാഥാർഥ്യവും എന്തിനു പിണറായി വിജയൻ മറച്ചുവയ്ക്കുകയാണ്. സ്ഥലത്തിന്‍റെ കന്പോളവില, കെട്ടിടങ്ങൾ, കടകൾ, ആളുകളുടെ പുനരധിവാസം തുടങ്ങിയ ഇനത്തിൽ ഒരു കിലോമീറ്ററിന് 30 കോടിയോളം രൂപ സ്ഥലമേറ്റെടുക്കലിന് മാത്രം ചെലവാക്കേണ്ടി വരുന്പോൾ കേരളത്തിന്‍റെ സാന്പത്തിക ഭദ്രത തകരുമെന്നും ഇക്കാര്യത്തിൽ ഒരു ധവളപത്രം ഇറക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാശ്രയ കോളേജ് പ്രശ്നത്തിൽ എൽഡിഎഫ് സർക്കാർ ഉരുണ്ടുകളിക്കയാണ്. കേജ്രിവാൾ സർക്കാർ ഡൽഹിയിൽ ചെയ്തതുപോലെ കേരളത്തിലെ ഒരു സ്വാശ്രയ കോളജിന്‍റെ എങ്കിലും കണക്കു പരിശോധിക്കാൻ ഈ സർക്കാരിന് ധൈര്യം ഉണ്ടോ. വിപ്ലവം വെറും വാചകമടി മാത്രമായിരിക്കുന്നു. ഏകാധിപതിയെ പോലെ വാഴുന്ന പിണറായിക്കു ബുദ്ധദേവ ഭട്ടാചാര്യയുടെ ഗതിയാകും ഉണ്ടാകുക. പിണറായിൽ ആരംഭിച്ച് പിണറായി വിജയനിൽ അവസാനിക്കുന്ന പാർട്ടിയാകുമോ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരാധനാലയങ്ങൾ മുതൽ അറവുശാല വരെയുള്ളവയുടെ വികസനത്തിന്‍റെ മറവിൽ കേരളത്തിൽ ജലത്തെ കെട്ടിനിർത്താനുള്ള പ്രകൃതിദത്തമായ സംവിധാനത്തെ തകർക്കുകയാണ് .മലയാളമണ്ണിന്‍റെ ഭൂ വൈവിധ്യവും ജൈവ വൈവിധ്യവും ഇല്ലാതെയാകുന്നു. നമ്മൾ തന്നെ സൃഷ്ടിച്ച പാരിസ്തിക നാശത്തിന്‍റെ ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്ന കൊടിയ ജലക്ഷാമവും കനത്ത ചൂടും. കേരളത്തിന്‍റെ ജലഗോപുരമാണ് പശ്ചിമഘട്ടം എന്ന ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അടിസ്ഥാനപരമായി ഒരു ധാരണയുമില്ല, നയവുമില്ല എന്നത് കേരളത്തിന്‍റെ ദുരന്തമാണ്- നീലകണ്ഠൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള, ആം ആദ്മി കോഓർഡിനേറ്റർ റമീം മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.