രാജ്യത്ത് ജനാധിപത്യം ഹനിക്കപ്പെടുന്നു: ജോയ്സ് ജോർജ് എംപി
Saturday, January 21, 2017 10:35 AM IST
കുവൈത്ത് സിറ്റി: രാജ്യത്ത് ജനാധിപത്യം ഹനിക്കുന്ന പ്രവർത്തികളാണ് ഭരണാധികാരികളിൽ നിന്നുണ്ടാകുന്നതെന്ന് ജോയ്സ് ജോർജ് എംപി. കേരള ആർട്ട് ലവേഴ്സ് അസോസിയേസൻ,കല കുവൈറ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടു നിരോധനം പോലുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി ഏകാധിപതിയെപോലെയാണ് പെരുമാറുന്നത്. ഇത് രാജ്യത്തെ പിന്നോട്ടടിക്കും. മാത്രവുമല്ല രാജ്യത്തെ കാർഷിക ഉദ്പാദന മേഖലയിലും അസംഘടിത തൊഴിലാളികളേയും സാരമായി ബാധിച്ചുവെന്നും കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രതീക്ഷയ്ക്ക് വക നൽകുന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അബാസിയ കല സെന്‍ററിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ ഈസ്റ്റ് യൂണിറ്റ് അംഗം ഉണ്ണിലാലിനു കലയുടെ സ്നേഹോപഹാരം ജോയ്സ് ജോർജ് എംപി സമ്മാനിച്ചു. ജനറൽ സെക്രട്ടറി ജെ.സജി, അബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോണ്‍സണ്‍ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ