ദനാ മാഞ്ചിയുടെ നാട്ടുകാർക്ക് ദുബായ് കെഎംസിസിയുടെ കാരുണ്യ ഹസ്തം
Thursday, February 23, 2017 10:22 AM IST
ഭൂവനേശ്വർ: ദുബായ് കെഎംസിസി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നൽകുന്ന ആംബുലൻസുകൾ ഭൂവനേശ്വർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങളും തഥാഗത സത്പാഠി എംപിയും കൈമാറി.

ഭാര്യയുടെ മൃതശരീരം പുതപ്പിൽ വരിഞ്ഞു മുറുക്കി പൊതിഞ്ഞ് തോളിലേറ്റി മകളെയും കൂട്ടി അറുപത് കിലോമീറ്റർ ദൂരെയുള്ള മേൽഘാര ഗ്രാമത്തിലേക്ക് നടന്ന ദനാ മാഞ്ചിയുടെ നാട്ടുകാർക്കാണ് ദുബായ് കഐംസിസിയുടെ കാരുണ്യ ഹസ്തം. അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റുമായിരുന്ന ഇ.അഹമദിന്‍റെ സ്മരണാർഥമാണ് രണ്ടു ആംബുലൻസുകളും കൈമാറിയത്.

ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭിക്കാത്തതുമൂലം മരിച്ചു വീഴുന്ന ആയിരങ്ങൾക്കാണ് പ്രവസലോകത്തിന്‍റെ സഹായങ്ങൾ എത്തുന്നത്.

ആംബുലൻസ് ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നിർവഹിക്കുന്ന ഭുവനേശ്വറിലെ മഹാവീർ സൻസ്കൃട് അനുഷ്ട്ടാനുവേണ്ടി പ്രദീപ്കുമാർ സിംഗ്, സഞ്ജീവ് കുമാർ എന്നിവർക്ക് മുനവറലി ശിഹാബ് തങ്ങളും ബാലസൂരിലെ മുസ് ലിം വെൽഫയർ സൊസൈറ്റിക്കുവേണ്ടി എസ്.കെ. അബ്ദുൾ റേഹാൻ,സഹിറുൽ ഹഖ് എന്നിവർക്ക് തഥാഗത സത്പാഠി എംപിയും താക്കോൽ കൈമാറി.

ഭൂവനേശ്വർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പി.വി അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ദുബായ് കെഎംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വക്താവുമായ ഡോ. ഹാമിദ് ഹുസൈൻ, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്‍റ് ടി.പി. അഷ്റഫ് അലി, യൂത്ത് ലീഗ് നേതാവ് സി.കെ. സുബൈർ, ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ, ഡൽഹി കെഎംസിസി പ്രസിഡന്‍റ് അഡ്വ. ഹാരിസ് ബീരാൻ, എന്നിവർ സംസാരിച്ചു. കെഎംസിസി ട്രഷറർ എ.സി. ഇസ്മായിൽ പദ്ധതി വിശദീകരിച്ചു. എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുൾഖാദർ അരിപ്പാന്പ്ര, നൗഷാദ് ബംഗളൂരു, ഭുവനേശ്വർ മലയാളി അസോസിയേഷൻ ഭാരവാഹികളായ ശ്യാം നന്പ്യാർ ഒ.ജെ. മാത്യൂസ്, എസ്.ആർ. രവികുമാർ, വി.എം മണി, ഭുവനേശ്വർ എയിംസ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ