കരിപ്പൂരിനെ ഹജ്ജ് എംബാർകേഷൻ പോയിന്‍റായി പുനഃസ്ഥാപിക്കും: മന്ത്രി നഖ് വി
Saturday, February 25, 2017 6:48 AM IST
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർകേഷൻ പോയിന്‍റായി 2018ൽ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ദുബായ് കെഎംസിസി നിവേദക സംഘത്തോട് പറഞ്ഞു.

നിലവിൽ എംബാർകേഷൻ പോയിന്‍റ് നെടുന്പാശേരിയിലായതിനാൽ മലബാറിൽ നിന്നുള്ള ഹാജിമാർക്ക് വലിയ യാത്രാ പ്രയാസങ്ങളനുഭവപ്പെടുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രികരിൽ കൂടുതൽ പേരും മലബാറിൽ നിന്നുള്ളവരാണ്. നേരത്തെ, കരിപ്പൂർ വിമാനത്താവളമായിരുന്നു ഇവർക്ക് എംബാർകേഷൻ പോയിന്‍റ്. 2015ൽ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് ഈ സൗകര്യം എടുത്തു കളയുകയാണുണ്ടായത്. ഇതാണ് 2018ൽ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

ദുബായ് കഐംസിസി ഭാരവാഹികളായ പി.കെ. അൻവർ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി. ഇസ്മായിൽ, അഡ്വ. സാജിദ് അബൂബക്കർ, എം.എ. മുഹമ്മദ് കുഞ്ഞി, അബ്ദുൾ ഖാദർ അരിപ്പാന്പ്ര എന്നിവരടങ്ങിയ നിവേദക സംഘമാണ് മന്ത്രിയെ കണ്ടത്. ഇത് പുനഃസ്ഥാപിക്കപ്പെടുന്നതോടെ കരിപ്പൂരിൽ കോടികൾ മുടക്കി നിർമിച്ച ഹജ്ജ് ഹൗസും സജീവമാകും. ഒപ്പം, വലിയ വിമാനങ്ങൾ ഇവിടെ നിന്ന് പറന്നുയരുകയും ചെയ്യും.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ