സിഫിന് പുതിയ സാരഥികൾ: ബേബി നീലാമ്പ്ര പ്രസിഡന്റ്
Sunday, February 26, 2017 3:12 AM IST
ജിദ്ദ : സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിന്റെ പുതിയ പ്രസിഡന്റായി നജീബ് നീലാമ്പ്ര എന്ന ബേബി നീലാമ്പ്രയെ തെരഞ്ഞെടുത്തു. ജിദ്ദ അൽ റയാൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പതിനെട്ടാമതു വാർഷിക ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠ്യേനയായിരുന്നു തിരഞെടുപ്പ്. ബ്ലൂ സ്റ്റാർ ക്ലബിന് വേണ്ടി പി.കെ യഹ്യ അവതരിപ്പിച്ച പാനലിനു ജിദ്ദ ഫ്രണ്ട്സ് ക്ലബിന്റെ സലിം മമ്പാട് പിന്താങ്ങി. ഹിഫ്സുറഹ്മാൻ മുഖ്യ രക്ഷാധികാരിയായിരിക്കും. അനുവദിച്ച സമയത്തിനകത്തു മറ്റൊരു പാനലും ലഭിക്കാത്തതിനാൽ ലഭിച്ച പാനൽ ഐക്യഖണ്ഡേന തിരഞ്ഞെടുക്കപെട്ടതായി തിരഞ്ഞെടുപ്പ് റിട്ടേർണിങ്ങ് ഓഫീസർ കെ.സി അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. ഷബീറലി ലവ തിരുരങ്ങാടി ജനറൽ സെക്രട്ടറിയും അബ്ദുൽകരീം ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.നിസാം മമ്പാട്, അയൂബ് മുസ്ലിയാരകത്തു, നാസർ ശാന്തപുരം, അംജദ് കോഴിക്കോട്, എന്നിവർ വൈസ് പ്രസിഡന്റ്മാരും, നാസർ ഫറോഖ് , അൻവർ വല്ലാഞ്ചിറ, ശരീഫ് മാസ്റ്റർ , അബ്ദുസലാം കാളികാവ് എന്നിവർ സെക്രട്ടറിമാരും, ഷഫീഖ് പട്ടാമ്പി ജനറൽ ക്യാപ്റ്റൻ നിസാം പാപ്പറ്റ വൈസ് ക്യാപ്റ്റൻ എന്നിവരാണ് 2017 – 2018 വർഷത്തേക്കുള്ള പ്രവർത്തക സമിതി ഭാരവാഹികൾ. ഇതോടപ്പം തന്നെ 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

അതോടപ്പം തന്നെ സിഫ്ന്റെ സ്‌ഥാപക നേതാക്കളും നിരവധി തവണ സിഫിനെ നയിച്ചിട്ടുള്ള കെപിഎ സലാം, കെ.എ പോൾസൺ, ടി.പി ഷുഹൈബ് കൂടാതെ സ്‌ഥാനമൊഴിഞ്ഞ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാരായ സലിം പുത്തൻ, ശരീഫ് പരപ്പൻ എന്നിവരെ രക്ഷധികാരികളായും തിരഞ്ഞെടുത്തു.
അബ്ദുൽകരീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച പതിനെട്ടാമതു വാർഷിക ജനറൽ ബോഡിയിൽ ഹിഫ്സുറഹിമാൻ അധ്യക്ഷാനായിരുന്നു. നാസർ ശാന്തപുരം വാർഷിക റിപ്പോർട്ടും ഷബീറലി വാർഷിക സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ മൂന്ന് പ്രാവശ്യം പ്രസിഡന്റായിരുന്ന കാലയളവിൽ കാലഘട്ടത്തിനസുരിച്ചു നിരവധി പുതിയ ആശയങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൽ സംതൃപ്തിയുണ്ടെന്നും എന്നാൽ ഉദ്ദേശിച്ച ചിലതു നടപ്പിലാക്കാൻ കഴിയാത്തതിന്റെ നിരാശ മറച്ചു വെക്കുന്നില്ലെന്നും ഹിഫ്സുറഹ്മാൻ തന്റെ വിട വാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.സിഫിന്റെ ആരംഭ കാലം മുതലുള്ള നാൾ വഴികൾ പരാമർശിച്ചു കൊണ്ട് സിഫിന്റെ പ്രവർത്തന മികവും അത് പ്രവാസി സമൂഹത്തിനു നൽകുന്ന സംഭാവനകളും ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിശദീകരിച്ച വൈസ് പ്രസിഡന്റ് നിസാം മമ്പാട്, രാഷ്ര്‌ടീയ മത ചിന്തകൾക്കപ്പുറം ഫുടബോൾ എന്ന വികാരമാണ് നമ്മെ ഇങ്ങനെ ഒരുമിച്ചിരിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അത് ഒരു വലിയ കാര്യമാണെന്നും നമുക്ക് ഒരുമിച്ചു ഇതിനെ ഇനിയും നെഞ്ചിലേറ്റാമെന്നും നിസാം മമ്പാട് കൂട്ടിച്ചേർത്തു. കെ. സി മൻസൂർ, ശരീഫ് മാസ്റ്റർ, സലിം പുത്തൻ, അംജദ്, നാസർ ഫറോഖ്, അബ്ദുൽസലാം കാളികാവ്, അയൂബ് മുസ്ലിയാരകത്,നിസാം പാപ്പറ്റ എന്നിവർ സംസാരിച്ചു. അൻവർ വല്ലാഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ