സംസ്കാരങ്ങളുടെ കൈമാറ്റത്തിന് സാഹിത്യം വലിയ പങ്ക് വഹിക്കുന്നു : സമീറ അസീസ്
Sunday, February 26, 2017 3:13 AM IST
ജിദ്ദ : ലോകരാജ്യങ്ങളിലെ വിവിധ സംസ്കാരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതിൽ സാഹിത്യമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നു സൗദി സിനിമ സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ സമീറ അസീസ് പറഞ്ഞു . ഗ്രന്ഥപ്പുര ജിദ്ദയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉസ്മാൻ ഇരിങ്ങാട്ടിരി എഴുതിയ ’അതുകൊണ്ടാണ് പുഴ വരളുമ്പോൾ നയനങ്ങൾ നനയുന്നത് ‘ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ .വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യകൃതികൾ, സിനിമ എന്നിവയുടെ വിവർത്തനത്തിലൂടെയും മൊഴിമാറ്റത്തിലൂടെയും സംയുക്‌തസംരംഭങ്ങളിലൂടെയും ഇത് സാധ്യമാക്കുന്നുണ്ടെന്നും നിലവിൽ ഇന്ത്യൻ – സൗദി അറേബിയൻ സംസ്കാരങ്ങൾ ഇണചേരുന്ന ചില സംരംഭങ്ങളുടെ പണിപ്പുരയിലാണ് താനെന്നും അവർ പറഞ്ഞു.

ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന പുസ്തകപ്രകാശനച്ചടങ്ങിന് ബഷീർ തൊട്ടിയൻ അധ്യക്ഷത വഹിച്ചു .കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകനും വാഗ്മിയുമായ ഡോ .ഇസ്മായിൽ മരിതേരി പുസ്തക പരിചയം നടത്തി . കുട്ടികാലം മുതലേയുള്ള കൊച്ചുകൊച്ചു കാഴ്ചകളിൽ പോലും നന്മയുടെ പ്രകാശങ്ങൾ കണ്ടെത്തി തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും വർണ്ണ മനോഹരമായ ആലവട്ടത്തിൽ നന്മയുടെ കൈവഴികളായി ഒഴുകുന്ന പുഴ തന്നെയാണ് പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളുമെന്ന് മരിതേരി പറഞ്ഞു.

സാഹിത്യ നിരൂപകൻ ഗോപി നെടുങ്ങാടി പുസ്തകത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രം കൂടിയായ ഡോക്ടർ വിനീത പിള്ളക്ക് കോപ്പി നൽകി പുസ്തക പ്രകാശനം നിർവ്വഹിച്ചു. ജീവിതത്തിലേക്ക് നന്മയുടെ പ്രകാശം കൊളുത്തിവെച്ച സൂക്ഷ്മ നിരീക്ഷണമുള്ള ജൈവികയാഥാർഥ്യങ്ങളുടെ കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളതെന്ന് ഗോപി നെടുങ്ങാടി പറഞ്ഞു .ഗ്രന്ഥകാരനെ ഷാജു അത്താണിക്കൽ സദസ്സിനു പരിചയപ്പെടുത്തി . ഉസ്മാൻ ഇരിങ്ങാട്ടിരിക്ക് ഗ്രന്ഥപ്പുര ജിദ്ദയുടെ ആദരസൂചകമായുള്ള മൊമെന്റോ സമീറ അസീസ് സമർപ്പിച്ചു.

പ്രശസ്ത ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ,കെ.ടി.അബൂബക്കർ സാഹിബ്,മിഡിൽ ഈസ്റ് ചന്ദ്രിക ജിദ്ദ റിപ്പോർട്ടർ ശരീഫ് സാഗർ, കബീർ മുഹ്സിൻ കാളികാവ് ,ഷാജി മുഹമ്മദ് കുഞ്ഞ് ആലപ്പുഴ, സലിം വാരിക്കോടൻ, നാസർ വെളിയങ്കോട്, ശംസു നിലമ്പൂർ എന്നിവർ പുസ്തകാസ്വാദനം നടത്തി. ഗൾഫ് മാധ്യമം ബ്യുറോ ചീഫ് ശംസുദ്ധീൻ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ, ജെ എൻ എച്ച് ചെയർമാൻ വിപി മുഹമ്മദലി, മജീദ് നഹ ,കിസ്മത് മമ്പാട് ,ഷംസു നിലമ്പൂർ ,നസീം സലാഹ് കാരാടൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു .

ജീവിതയാത്രയിലെ നന്മയുള്ള അനുഭവകഥകൾ പുസ്തകമാക്കിയപ്പോൾ അതേറ്റെടുത്ത് രണ്ടുകയ്യും നീട്ടി സ്വീകരിച്ച വായനക്കാർക്ക് ഗ്രന്ഥകർത്താവ് ഉസ്മാൻ ഇരിങ്ങാട്ടീരി നന്ദി പറയുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മറ്റി അബൂബക്കർ അരിമ്പ്ര ,മലയാളം ന്യൂസ് പ്രതിനിധി സിഒട്ടി അസീസ് , സലാഹ് കാരാടൻ, കെ സി അബ്ദുറഹിമാൻ , കാവുങ്ങൽ അബ്ദുറഹിമാൻ,ഇസ്മായിൽ കല്ലായി, മെഹബൂബ് പത്തപ്പിരിയം, സഹൽ തങ്ങൾ,സലാം ഒളവട്ടൂർ, ജമാൽ പാഷ ,അദ്നാൻ ഷബീർ തുടങ്ങിയവർ പ്രകാശന കർമ്മത്തിനും ഗ്രന്ഥകർത്താവിനെ ആദരിക്കുന്നതിലും സന്നിഹതരായിരുന്നു .

പുസ്തകത്തിന്റെ ആയിരം കോപ്പികൾ വിവിധ വിദ്യാഭാസ സ്‌ഥാപനങ്ങളിലേക്ക് സ്പോൺസർ ചെയ്ത് വിപി മുഹമ്മദലി സാഹിബ്പ്രകാശനച്ചടങ്ങ് ശ്രദ്ധേയമാക്കി.കൊമ്പൻ മൂസ സ്വാഗതവും ശരീഫ് കാവുങ്ങൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ