സേവകിരണ്‍ മെഗാ പ്രോഗ്രാം ശ്രദ്ധേയമായി
Monday, February 27, 2017 10:10 AM IST
കുവൈത്ത് സിറ്റി: സേവാദർശൻ കുവൈറ്റ് സേവാ കിരണ്‍ എന്ന പേരിൽ മെഗാ ഇവന്‍റ് സംഘടിപ്പിച്ചു. മറീന ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ ഉദ്ഘാടനം ചെയ്തതു. നൂറ്റി ഇരുപതോളം പേരെ അണിനിരത്തിയുള്ള വന്ദേമാതര ഗാനാലാപനത്തോടെ ആരംഭിച്ച സാംസ്കാരിക സദസിൽ പ്രസിഡന്‍റ് അജയകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാന്‍റ് ഹൈപ്പർ മാർക്കറ്റ് റീജണ്‍ ഡയറക്ടർ അയൂബ് കാച്ചേരി, ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മോനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജനറൽ കണ്‍വീനർ മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.ആർ.സഞ്ജുരാജ്, സംഘടന സെക്രട്ടറി വി. പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സേവനം മുഖ്യവിഷയമായി തയാറാക്കിയ സുവനീർ സംസ്കാരിക വിഭാഗം സെക്രട്ടറി വിഭീഷ് തിക്കോടി എൻ.കെ രാമചന്ദ്രമേനോന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.

തുടർന്ന് ഡോ. എൻ.ആർ. മധു മീനച്ചാൽ രചിച്ച ന്ധആർഷ കേരളം’ എന്ന നൃത്ത സംഗീത നാടക ശിൽപം അരങ്ങേറി. വിസ്മരിക്കപെട്ട നാടിന്‍റെ ചരിത്രവും സംസാസ്കാരിക നവോഥാനത്തിന്‍റെ തിളങ്ങുന്ന മുഹൂർത്തങ്ങളും സന്പന്നമായ ആർഷകേരളമെന്ന പരിപാടിയിൽ 180 സേവാദർശൻ അംഗങ്ങളും കുവൈത്തിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളായ ഭവൻസ് റിഥംസ്കേപ്പ് അക്കാദമി, ഉപാസന, തപസ്യ എന്നിവയിലെ അംഗങ്ങളും അരങ്ങിലെത്തി.

സൗണ്ട് ഓഫ് സേവ എന്ന പേരിൽ ഇൻസ്ട്രമെന്‍റൽ മ്യൂസിക്കൽ കച്ചേരിയും പ്രശസ്ത വാദ്യ വിദ്വാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ തവിൽ വിദ്വാൻ കരുണാമൂർത്തി, വോക്കലിസ്റ്റ് പാലക്കാട് ശ്രീറാം, ഫൽട്ട് ആൻഡ് സാക്സഫോണ്‍ പ്ലെയർ ജോസി ആലപ്പുഴ, കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരി, വയലിൻസ്റ്റ് അഭിജിത് നായർ, പെരുന്ന ഹരികുമാർ എന്നിവർ അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യുഷനും പരിപാടിയുടെ ഭാഗമായിരുന്നു.

ഡോ. രുപേഷ് രവീന്ദ്രൻ പരിപാടിയുടെ അവതാരകനായിരുന്നു. സേവ ദർശൻ ഉപദേശക സമിതി അംഗങ്ങളായ കൃഷ്ണകുമാർ പാലിയത്ത്, രാജരാജ ഗണേശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ