തോപ്പിൽ ഭാസി സ്മാരക അവാർഡ് കവി കുരീപ്പുഴ ശ്രീകുമാറിന്
Monday, February 27, 2017 10:16 AM IST
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് നൽകുന്ന തോപ്പിൽ ഭാസി സ്മാരക അവാർഡിന് കവി കുരീപ്പുഴ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. കെപിഎസി എന്ന നാടക സംഘത്തിന്‍റെ മുഖ്യശില്പിയും ജ·ി നാടുവാഴി വ്യവസ്ഥയെ കടപുഴക്കി ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് കരുത്തേകിയ ന്ധനിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്‍റെ രചയിതാവും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന തോപ്പിൽ ഭാസിയുടെ സ്മരണാർഥം നൽകുന്ന അഞ്ചാമത് അവാർഡ് മാർച്ച് 10ന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിക്കും.

സിപിഐ അസി. സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യൻ മൊകേരി, മുൻ വനം മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം, കേരള അസോസിയേഷൻ കുവൈത്ത് രക്ഷാധികാരി സി. സാബു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി നിർവഹിക്കും. തുടർന്ന് ജയരാജ് വാര്യർ അവതരിപ്പിക്കുന്ന കാരിക്കേച്ചർ ഷോയും കുവൈത്തിലെ കലാകാരൻ ബിജു തിക്കോടിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.

വാർത്താസമ്മേളനത്തിൽ ജൂറി അംഗവും കേരള അസോസിയേഷൻ രക്ഷാധികാരിയുമായ സി. സാബു, അസോസിയേഷൻ പ്രസിഡന്‍റ് മണിക്കുട്ടൻ എടക്കാട്ട്, സെക്രട്ടറി പ്രവീണ്‍ നന്തിലത്, ട്രഷറർ ശ്രീനിവാസൻ മുനന്പം, പ്രോഗ്രാം കണ്‍വീനർ സാബു എം. പീറ്റർ, ജനറൽ കോഓഡിനേറ്റർ ശ്രീംലാൽ മുരളി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ