പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം: ജിദ്ദ പിസിഎഫ്
Tuesday, March 21, 2017 5:39 AM IST
ജിദ്ദ: വിദേശത്ത് മരിക്കുന്ന ഇന്ത്യാക്കാരുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പീപ്പിൾസ് കൾച്ചറൽ ഫോറം മാർച്ച് 20 മുതൽ ഒരുമാസ കാലത്തെ ഒപ്പുശേഖരണ കാന്പയിൻ നടത്തുന്നു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് എയർ ഇന്ത്യ അടക്കമുള്ള വിമാന കന്പനികൾ ഭീമമായ തുകയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനോടൊപ്പം മൃതശരീരത്തെ അനുഗമിക്കുന്ന ആൾക്കുകൂടി സൗജന്യയാത്ര അനുവദിക്കുന്പോൾ ഇന്ത്യൻ വിമാന കന്പനികളും സർക്കാരും പ്രവാസികളോട് കടുത്ത അനീതിയാണ് കാണിക്കുന്നത്.

രാജ്യത്തെ സന്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്ന വിദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തുടരുന്ന അനീതിക്കെതിരെ എല്ലാ പ്രവാസി സംഘടന കളും പ്രതിഷേധിക്കേണ്ടതുണ്ട്. ജിദ്ദ പ്രവിശ്യയിലെ എല്ലാ ഏരിയ തലങ്ങളിലും ബന്ധപ്പെട്ടുകൊണ്ട് സംഘടന പ്രവാസി ഇന്ത്യക്കാരിൽനിന്നും ഒപ്പു ശേഖരിച്ചുകൊണ്ടുള്ള ഹർജി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട വകുപ്പ് അധികൃതർക്കും സമർപ്പിക്കും.

നാഷണൽ കമ്മിറ്റി അംഗം ദിലീപ് താമരക്കുളം ഉദ്ഘാടനം ചെയ്തു. പിസിഎഫ് യോഗം ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുറസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ താഹ കാഞ്ഞിപ്പുഴ, റഷീദ് ഓഴുർ, ജാഫർ മുല്ലപ്പള്ളി, നാസർ ചെമ്മാട്, ഉമർ മേലാറ്റൂർ, ശിഹാബ് പൊ·ള എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ