അയോധ്യ വിഷയത്തിൽ നീതിന്യായ പ്രക്രിയ നോക്കുകുത്തിയാകരുത്
Wednesday, March 29, 2017 8:23 AM IST
റിയാദ്: അയോധ്യ വിഷയത്തിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പുണ്ടാക്കണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്‍റെ നിർദ്ദേശം നീതിന്യായ പ്രക്രിയയെ നോക്കുകുത്തിയാകാൻ ഇടവരുത്തരുതെന്നും അനുരഞ്ജനശ്രമത്തിലൂടെ പരിഹാരമുണ്ടാക്കാവുന്ന കേവലമൊരു തർക്കവിഷയമായി പരിമിതപ്പെടുത്താവുന്നതല്ല അയോധ്യ പ്രശ്നമെന്നും റിയാദ് കേളി കലാ സാംസ്കാരികവേദി ബദിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു.

മാർച്ച് 24ന് ആരംഭിച്ച ബദിയ ഏരിയയുടെ നാലാമത് സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി സെക്രട്ടറിയുമായ റഷീദ് മേലേതിൽ ഉദ്ഘാടനം ചെയ്തു. ശിവചന്ദ്രൻ രക്തസാക്ഷി പ്രമേയവും രജീഷ് ഏബ്രഹാം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചന്ദ്രൻ തെരുവത്ത്, റിയാസ്, ദിനകരൻ എന്നിവരടങ്ങുന്ന പ്രസീഡിയവും പ്രദീപ്, മധു ബാലുശേരി, അലി കെ.വി. എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. സുധീഷ്, വിമൽ, ദിലീഷ് (മിനിറ്റ്സ്), മധു എലത്തൂർ പ്രസാദ് (പ്രമേയം), സരസൻ, മനോജ്, കിഷോർ (ക്രഡൻഷ്യൽ) എന്നിവർ സബ്കമ്മിറ്റികളുടെ ചുമതല നിർവഹിച്ചു. ഏരിയ സെക്രട്ടറി പ്രദീപ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ മധു ബാലുശേരി വരവു ചെലവു കണക്കും കേളി കേന്ദ്ര ജോയിന്‍റ് ട്രഷറർ കെ. വർഗീസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആനുകാലിക വിഷയങ്ങളിൽ മൂന്ന് പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചക്ക് കേളി കേന്ദ്ര രക്ഷാധികാരിസമിതി കണ്‍വീനർ കെആർ ഉണ്ണികൃഷ്ണൻ, കേളി സെക്രട്ടറി റഷീദ് മേലേതിൽ, ഏരിയ സെക്രട്ടറി പ്രദീപ്, ഏരിയ ട്രഷറർ മധു ബാലുശേരി എന്നിവർ മറുപടി പറഞ്ഞു. 17 അംഗ ഏരിയ കമ്മിറ്റിയെയും ഒന്പതാം കേന്ദ്ര സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര സെക്രട്ടറിയേററ് അംഗം റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേഷ് കണ്ണപുരം, ശങ്കർ, നിയുക്ത ഏരിയ സെക്രട്ടറി പ്രദീപ് എന്നിവർസംസാരിച്ചു.

പുതിയ ഭാരവാഹികളായി പ്രദീപ് (സെക്രട്ടറി), കിഷോർ ഇ. നിസാം, ദിനകരൻ (ജോയിന്‍റ് സെക്രട്ടറിമാർ), ചന്ദ്രൻ തെരുവത്ത് (പ്രസിഡന്‍റ്), മനോജ്, പ്രഭാകരൻ (വൈസ് പ്രസിഡന്‍റുമാർ), മധു ബാലുശേരി (ട്രഷറർ), മധു എലത്തുർ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും തെരഞ്ഞെടുത്തു.