പുസ്തക ചന്തവും സാംസ്കാരിക സദസും 31ന്
Thursday, March 30, 2017 5:48 AM IST
റിയാദ്: റിയാദ് തിരൂരങ്ങാടി മണ്ഡലം കെ എംസിസി കമ്മിറ്റി സംഘടിപ്പിക്കുന്ന ചലനം കാന്പയിനോടനുബന്ധിച്ച് പുസ്തക പ്രദർശനവും വില്പനയും സംഘടിപ്പിക്കുന്നു. മാർച്ച് 31ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി 12 വരെ ബത്തയിലെ ക്ലാസിക് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ.

പുസ്തകങ്ങൾ ലഭിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും പരിമിതമായ സൗകര്യങ്ങളുള്ള പ്രവാസലോകത്ത് മലയാളികളുടെ പ്രിയ എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, കമല സുരയ്യ, ഉറൂബ്, പൊൻകുന്നം വർക്കി, ഒ.വി. വിജയൻ തുടങ്ങിയവരുടെയും പുതുതലമുറ എഴുത്തുകാരുടെയും പ്രവാസലോകത്തെ എഴുത്തുകാരുടെയും പുസ്തകങ്ങൾ പ്രദർശനത്തിനും വില്പനക്കും ലഭ്യമാണ്. പുസ്തക ചന്തം എന്ന പേരിൽ സംഘടിപ്പിക്കുന്ന മേളയിൽ സൗജന്യമായി ലഭിക്കുന്ന പുസ്തകങ്ങളും ഡിസക്കൗണ്ട് വിലയിൽ ലഭിക്കുന്ന പുസ്തകങ്ങളുടെയും പ്രദർശനവും ഉണ്ടായിരിക്കും. പുസ്തക ചന്തം പരിപാടിയോട് അനുബന്ധിച്ച് വൈകുന്നേരം 7.30ന് റിയാദിലെ എഴുത്തുകാരേയും സാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് സാംസ്കാരിക സദസും സംഘടിപ്പിക്കുന്നു.

ചലനം കാന്പയിന്‍റെ ഭാഗമായി "സുഹാനി രാത്ത്’ എന്ന പേരിൽ സംഗീത നിശയും റോഹിൻഗ്യൻ മുസ് ലിംകൾ, മനുഷ്യാവകാശ ലംഘനത്തിന്‍റെ നേർകാഴ്ചകൾ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സംഘടനാ ശാക്തീകരണത്തിന്‍റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികളും പുനഃസംഘടിപ്പിക്കുകയും സംഘടനയുടെ പ്രവർത്തനം ഉൗർജിതമാക്കുകയും ചെയ്തു. ചലനം കാന്പയിന്‍റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലത്തിൽ ഉൾപെടുന്ന പൊതു വായനശാലകൾ, കോളജ്, സ്കൂൾ, ലൈബ്രറികൾ എന്നിവിടങ്ങളിലേക്ക് ഗ്രെയ്സ് എഡ്യുക്കേഷണൽ സൊസൈറ്റിയുമായി സഹകരിച്ച് "അക്ഷര കൂട്ട്’ എന്ന പേരിൽ ചരിത്ര പ്രാധാന്യമുള്ളതും മഹാന്മാരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ ഉൾപെടുന്നതുമായ പുസ്തകങ്ങൾ കൈമാറി.

വാർത്താസമ്മേളനത്തിൽ അർഷാദ് തങ്ങൾ ചെട്ടിപ്പടി, മുനീർ ചെമ്മാട്, അബ്ദുസമദ് കൊടിഞ്ഞി, അരിന്പ്ര സുബൈർ, മുഹമ്മദ് കോയ തങ്ങൾ, ഉസ്മാൻ അലി പാലത്തിങ്ങൽ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ