ഗാർഹിക തൊഴിലാളികൾക്കായി റിക്രൂട്ട്മെന്‍റ് കന്പനി തുടങ്ങും
Thursday, March 30, 2017 5:50 AM IST
കുവൈത്ത്: ഗാർഹിക തൊഴിലാളികകൾക്കായി റിക്രൂട്ട്മെന്‍റ് കന്പനി നിലവിൽ വരുമെന്ന് കുവൈത്ത് പാർലമെന്‍റ് പ്രതിനിധി ഉസാമ അൽ ഷഹീൻ അറിയിച്ചു. മനുഷ്യക്കച്ചവടം ഇല്ലാതാക്കി അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്‍റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നടപടി.

കഴിഞ്ഞ ദിവസം ചെയർമാൻ ഖലീൽ അബുലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുതായി രൂപവത്കരിക്കുന്ന കന്പനിയെ കുറിച്ച് ചർച്ചകൾ നടന്നു. തൊഴിലാളികളോടുള്ള പെരുമാറ്റം, ഇടപെടൽ, മനുഷ്യാവകാശം വകവച്ചുകൊടുക്കൽ നിയമം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം എന്നിവ സ്പോണ്‍സർമാരെ ബോധ്യപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കന്പനിയുടെ നേതൃത്വത്തിൽ നടത്തണമെന്ന് അംഗങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടു.

വീട്ടുജോലിക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യൽ, കരാർ സംവിധാനം, വീട്ടുജോലിക്കാർക്കാവശ്യമായ താമസ സൗകര്യങ്ങൾ ലഭ്യമാക്കൽ, ആഴ്ചയിലും വർഷത്തിലുമുള്ള അവധി, തൊഴിൽ സമയം തുടങ്ങിയവ വ്യക്തമാക്കുന്ന നിയമ നിർമാണം തുടങ്ങി ഈ മേഖലയിലെ ചൂഷണത്തെ ഇല്ലാതാക്കുവാൻ സാധിക്കുമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. റിക്രൂട്ട്മെന്‍റ് കന്പനിയുടെ നിരീക്ഷണം സാമൂഹിക തൊഴിൽ മന്ത്രാലയത്തെ ഏൽപ്പിക്കണമെന്ന നിർദേശവും ചർച്ചയിൽ ഉയർന്നുവന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ