ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഗിന്നസ് റിക്കാർഡിലേക്ക്
Tuesday, April 18, 2017 5:42 AM IST
ദോഹ: മീഡിയ പ്ലസ് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പതിനൊന്നാമത് എഡിഷൻ ആയിരം പേജുകളുമായി ലോകത്ത് ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി എന്ന വിഭാഗത്തിൽ ഗിന്നസ് റിക്കാർഡിന് പരിശ്രമിക്കുന്നതായി മീഡിയ പ്ലസ് സിഇഒ അമാനുള്ള വടക്കാങ്ങര പറഞ്ഞു.

ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ 282 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയത്.

2006 ലാണ് മീഡിയ പ്ലസ് ടീം രംഗത്തു വന്നത്. പല കോണുകളിൽ നിന്നും ഇത്തരമൊരു പ്രസിദ്ധീകരണത്തിന്‍റെ പ്രസക്തിയെക്കുറിച്ച് ആശങ്കകളുയർന്നെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ഗോദയിലേക്കിറങ്ങിയ മീഡിയ പ്ലസിനെ ഖത്തറിലെ ബിസിനസ് സമൂഹം അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. ഓരോ വർഷവും ഡയറക്ടറിയുടെ രൂപഭാവത്തിലും കനത്തിലും ആശാവഹമായ മാറ്റങ്ങളുണ്ടാക്കി ഉപഭോക്താക്കളുടെയും സംരംഭകരുടെയും മനസ് കീഴടക്കാൻ ഡയറക്ടറിക്കായി.

കഴിഞ്ഞ 10 വർഷത്തിലധികമായി സ്മോൾ ആൻഡ് മീഡിയം മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറി എന്ന സ്ഥാനവും ഡയറക്ടറിക്ക് സ്വന്തം.

ടാർജറ്റഡ് മാർക്കറ്റിനുള്ള ഇൻട്രാ ഗൾഫ്, ഇന്തോ ഗൾഫ് ബിസിനസ് കോറിഡോറായി വികസിപ്പിച്ചെടുത്ത ഡയറക്ടറി ഖത്തറിന് പുറമെ യുഎഇ, ഒമാൻ, സൗദി അറേബ്യ, ബഹറിൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലും ബിസിനസ് സമൂഹത്തിന്‍റെ അംഗീകാരം നേടിക്കഴിഞ്ഞു.

വിശദമായ മാർക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് കാലിക്കട്ട് സർവകലാശാലയുടെ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് വകുപ്പിന്‍റെ ഏറ്റവും നൂതനമായ മാർക്കറ്റിംഗ് ഉത്പന്നത്തിനുള്ള അവാർഡും കരസ്ഥമാക്കാനായിട്ടുണ്ട്.

ഡയറക്ടറിയുടെ ഓണ്‍ലൈൻ വേർഷൻ www.gbcdonline.com എന്ന വിലാസത്തിലും gbcd എന്ന വിലാസത്തിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലും ലഭ്യമാണ്.

ഖത്തർ മാർക്കറ്റിൽ പുതുമകൾ സമ്മാനിച്ച മീഡിയ പ്ലസിന്‍റെ മറ്റൊരു സവിശേഷ ഉപഹാരമായിരിക്കും ഗിന്നസ് റിക്കാർഡോടെ പുറത്തിറങ്ങുന്ന ഡയറക്ടറിയുടെ പുതിയ പതിപ്പ്. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വർധിച്ച പങ്കാളിത്തത്തോടെ ജൂണ്‍ 10ന് ഡയറക്ടറി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതായി ചീഫ് എഡിറ്റർ കൂടിയായ അമാനുള്ള വടക്കാങ്ങര പറഞ്ഞു.