കടകംപള്ളിയെ പുറത്താക്കാൻ പിണറായി ആർജവം കാണിക്കണം: കെ എംസിസി ബഹറിൻ മലപ്പുറം ജില്ലാ കമ്മിറ്റി
മനാമ: മലപ്പുറത്തിന്‍റെ പാരന്പര്യവും പൈതൃകവും മതേതരത്വവും മനസിലാക്കാതെ ഒരു ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും വർഗീയവാദികളായി ആക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേരളത്തിനും ജനങ്ങൾ നൽകിയ മന്ത്രി സ്ഥാനത്തിനും അപമാനമാണെന്നും അദ്ദേഹം രാജിവയ്ക്കുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കാനെങ്കിലും പിണറായി വിജയൻ ആർജവം കാണിക്കണമെന്നും കെ എംസിസി ബഹറിൻ മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇന്ത്യാ രാജ്യത്തിനു തന്നെ മാതൃകയായ മലപ്പുറത്തിന്‍റെ സമാധാനവും സൗഹൃദവും മതേതരത്വവും നശിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനും ഇറങ്ങി തിരിക്കുന്നവർ, സംഘികളായാലും സഖാക്കളായാലും അവരെ മലപ്പുറത്തെ പൊതു ജനങ്ങൾ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. അതാണ് സ്വതന്ത്ര സമര സേനാനികളുൾപ്പെടെയുള്ള മലപ്പുറത്തിന്‍റെ ഇന്നോളമുള്ള പാരന്പര്യമെന്ന് മന്ത്രിയും ബന്ധപ്പെട്ടവരും മനസിലാക്കണം.

മന്ത്രിയുടെ ഗുരുതരമായ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാത്ത സിപിഎം യഥാർഥത്തിൽ ഈ ആക്ഷേപത്തെ പിന്താങ്ങുകയാണ് ചെയ്തിരിക്കുന്നത്. ഇത് സിപിഎമ്മിന്‍റെ സംഘപരിവാർ മനസും കാപട്യവുമാണ് വ്യക്തമാക്കുന്നതെന്ന് നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.