സൗദി ഗാർഹിക തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കി
Tuesday, April 25, 2017 6:18 AM IST
ദമാം: സൗദിയിൽ ജോലിചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശ ഗാർഹിക തൊഴിലാളികളെയും ഉൾപ്പെടുത്തും. തുടർന്നു ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ തുടങ്ങിയ എല്ലാ ഗാർഹിക തൊഴിലാളികൾക്കും ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയവക്താവ് ഖാലിദ് അബാഖൈൽ വ്യക്തമാക്കി.

ഈ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്കു വേതനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലുടമയാണ് ഗാർഹിക തൊഴിലാളികൾക്കു അക്കൗണ്ട് തുറക്കുന്നതിന് നടപടി സ്വീകരിക്കേണ്ടത്. തൊഴിൽ കരാർ അനുസരിച്ചുള്ള വേതനം എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണം. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്നു ഉറപ്പാക്കുന്നതിനാണ് ഈ നടപടി. ഓണ്‍ലൈൻ സൈറ്റ് ആയ മുസാനിദ് വഴി തൊഴിൽ കരാർ തയാറാക്കണമെന്നും മന്ത്രാലയവക്താവ് തൊഴിൽ ഉടമകളോടാവശ്യപ്പെട്ടു.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശ ഗാർഹിക തൊഴിലാളികളെയും ഉൾപ്പെടുത്തും.

റിപ്പോർട്ട്: അനിൽ അനിൽ കുറിച്ചിമുട്ടം