എംഇഎസ് കുവൈത്ത് വർക് ഷോപ്പ് സംഘടിപ്പിച്ചു
Tuesday, April 25, 2017 6:36 AM IST
കുവൈത്ത് സിറ്റി: എംഇഎസ് കുവൈത്തിന്‍റെ നേതൃത്വത്തിൽ മൾട്ടിപ്പിൾ ഇന്‍റലിജൻസ് വർക്ഷോപ്പ് ജാബിറിയ കുവൈത്ത് മെഡിക്കൽ ഹാളിൽ സംഘടിപ്പിച്ചു.

ക്യാന്പിൽ വിവിധ സ്കൂളുകളിൽ നിന്നായി നാല്പതോളം വിദ്യാർഥികൾ പങ്കെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് സന്തോഷ് കുമാർ ഷേണായിയും ആർ. രൂപേഷും ക്ലാസെടുത്തു. അഭിരുചിക്കനുസരിച്ച് ഉപരിപഠന മേഖലകൾ തെരഞ്ഞെടുക്കുക, വ്യക്തിത്വ രൂപീകരണം, കുട്ടികളുടെ ആത്മവിശ്വാസം, ആശയവിനിമയ മികവ്, സർഗവാസനകൾ തുടങ്ങിയ കാര്യങ്ങൾ പരിപോഷിപ്പിക്കുവാൻ പ്രാപ്തമാക്കുന്ന രീതിയിലായിരുന്നു ക്യാന്പ്. മറ്റുള്ളവരോടല്ല, ഓരോരുത്തരും തങ്ങളോട് തന്നെയാണ് മൽസരിക്കേണ്ടത്. പഠനത്തിൽ പ്രതീക്ഷകളുടെ ബാഹ്യ സമ്മർദത്തിൽ വീണു പോവരുത്. ആദ്യം ലക്ഷ്യം നിർണയിക്കുക. അതിനുശേഷം സമ്മർദങ്ങൾ അകറ്റി മനസിനെ സ്വതന്ത്രമാക്കുന്ന രീതിയിലേക്ക് മനസിനെ ഉയർത്തണമെന്നും പരിശീലകർ വിദ്യാർഥികളെ ഉപദേശിച്ചു. പരീക്ഷകളിൽ എന്തു സംഭവിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ വലിയ സ്വപ്നം കാണുവാനും ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയുമാണ് വേണ്ടതെന്നും പരിശീലകർ പറഞ്ഞു. ക്യാന്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ എംഇഎസ് ഭാരവാഹികൾ വിതരണം ചെയ്തു.

എംഇഎസ് പ്രസിഡന്‍റ് സാദിക്ക് അലി, എഡ്യൂക്കേഷണൻ കണ്‍വീനർ അൻവർ മൻസൂർ സയിദ് എന്നിവർ പ്രസംഗിച്ചു. ക്യാന്പിന് ജനറൽ സെക്രട്ടറി ടി.വി. അർഷദ്, ഡോ. മുസ്തഫ, മുഹമ്മദ് റാഫി, മുജീബ്, പി.ടി. അഷ്റഫ്, റമീസ് സലേഹ്, ഫിറോസ്, റയീസ് സലേഹ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ