ഐഎസ് സി ഖുർആൻ പാരായണ മത്സരം: രജിസ്ട്രേഷൻ 24 നു തുടങ്ങും
Sunday, May 21, 2017 2:30 AM IST
അബുദാബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്‍റർ നേതൃത്വത്തിൽ, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്‍റ്സിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാലാമത് വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിനുള്ള രജിസ്ട്രേഷൻ ഈ മാസം 24, 25, 26 തീയതികളിൽ നടക്കും.

യുഎഇ സ്വദേശികൾക്കും വിദേശികൾക്കും ഖുർആൻ പാരായണ മൽസരത്തിൽ (വായനയും മനഃപാഠവും) പങ്കെടുക്കാം. വനിതകൾ ഉൾപ്പെടെയുള്ളവർക്ക് താഴെ പറയുന്ന അഞ്ചു വിഭാഗങ്ങളിൽ ഇത്തവണ മൽസരിക്കാം.

ഖൂർആൻ സന്പൂർണം (30 വയസിൽ താഴെ പ്രായമുള്ളവർക്കു മാത്രം)
ഖുർആൻ ആദ്യത്തെ 15 ഭാഗങ്ങൾ (ജുസ്അ്) - 25 വയസിൽ താഴെ പ്രായമുള്ളവർക്കു മാത്രം
ഖുർആൻ ആദ്യത്തെ 10 ഭാഗങ്ങൾ (ജുസ്അ്) - 20 വയസിൽ താഴെ പ്രായമുള്ളവർക്കു മാത്രം
ഖുർആൻ ആദ്യത്തെ 5 ഭാഗങ്ങൾ (ജുസ്അ്) - 15 വയസിൽ താഴെ പ്രായമുള്ളവർക്കു മാത്രം
ഖുർആൻ പാരായണം തജ്വീദ് (പാരായണ) നിയമപ്രകാരം - എല്ലാ പ്രായക്കാർക്കും

എല്ലാ വിഭാഗം വിജയികൾക്കും പുരസ്കാരവും കാഷ് അവാർഡും ലഭിക്കും. യു എ ഇ റസിഡൻസ് വീസയിലുള്ളവർക്കാണ് മൽസരത്തിൽ പങ്കെടുക്കാനാവുക. ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമാണ് മൽസരിക്കാനവസരം. പാസ്പോർട്ട്, റസിഡൻസ് വിസ പേജ് , എമിറേറ്റ്സ് ഐഡി എന്നിവയുടെ പകർപ്പും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഐഎസ്സിയിൽ പ്രവേശന ഫോം സമർപ്പിക്കണം.

ജൂണ്‍ അഞ്ചു മുതൽ നാല് ദിവസം റമസാൻ രാത്രിയിലെ തറാവീഹ് നമസ്കാരത്തിനുശേഷം പത്തു മുതലാണ് മൽസരം നടക്കുക. ഫൈനൽ മൽസരവും സമ്മാനദാനവും ഒൻപതിനു രാത്രി 10 മണിക്കും നടക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള