ടൊയോട്ട സണ്ണിയുടെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ അസോസിയേഷൻ അനുശോചിച്ചു
Tuesday, May 23, 2017 6:47 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യക്കാരായ പ്രവാസികളുടെ സ്വന്തം അംബാസഡറും, ആദ്യകാല പ്രവാസികളിലൊരാളും, പ്രമുഖ വ്യവസായിയും പത്തനംതിട്ട ജില്ലയിലെ കുന്പനാട് സ്വദേശിയുമായിരുന്ന എം.മാത്യൂസ് (ടൊയോട്ട സണ്ണി)യുടെ ദേഹവിയോഗത്തിൽ പത്തനംതിട്ട ജില്ലാ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

പത്തനംതിട്ടക്കാരനായ ഒരു മറുനാടൻ മലയാളി എന്നറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം, കുവൈറ്റിലെ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ രക്ഷാധികാരിയായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. അശരണരായ പ്രവാസി ഇന്ത്യക്കാർക്കിടയിൽ ഒരു ആശ്രയകേന്ദ്രമായിരുന്ന പരേതൻ, കുവൈറ്റിലെ ഇറാഖ് അധിനിവേശ സമയത്ത് ദുരിതത്തിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു. ആറുപതിറ്റാണ്ടു നീണ്ട ആ പ്രവാസ ജീവിതം, കുവൈത്തിലെ ഇന്ത്യക്കാരുടെയിടയിൽ ചെലുത്തിയിരുന്ന സ്വാധീനം ചെറുതൊന്നുമല്ല.

എം മാത്യുവിന്‍റെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും, അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്ക് ചേരുന്നതായും പത്തനംതിട്ട ജില്ലാ അസോസിയേഷൻ പ്രസിഡന്‍റ് കെ. ജയകുമാർ, ജനറൽ സെക്രട്ടറി മുരളി എസ്എ. പണിക്കർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ