അട്ടപ്പാടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു
Friday, May 26, 2017 6:32 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ കലാ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയായ വനിതാവേദി കുവൈറ്റ് അട്ടപ്പാടി ആദിവാസി ഉൗരിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിലെ പുതൂർ ഗ്രാമ പഞ്ചായത്ത് എലച്ചി വഴിയൂരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ തങ്കവേലുവിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് മെന്പർ സരസ്വതി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കലാ ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം നടത്തി. വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി ടോളി പ്രകാശ് വനിതാവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സിപിഐഎം അട്ടപ്പാടി ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതവും, ഗ്രാമ പഞ്ചായത്ത് മെന്പർ മുരുഗൻ നന്ദിയും രേഖപ്പെടുത്തി. കലയുടെ സജീവ പ്രവർത്തകനായിരുന്ന ദിവാകര വാര്യർ, തോമസ്, ഗീതാ മോഹൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തിരുവനന്തപുരം ജില്ലയിൽ സ്എടി ആശുപത്രിയിൽ ഒബ്സർവ്വേഷൻ വാർഡ്, കോട്ടയം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള Institute of Child Health ൽ കുട്ടികൾക്കായ് ഒ.പി, സുനാമി ബാധിത പ്രദേശങ്ങളിലെ അംഗനവാടികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം, നിർദ്ധനരായ പെണ്‍കുട്ടികൾക്കുള്ള വിവാഹ ധനസഹായം തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾ വനിതാവേദി കുവൈറ്റ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കണമെന്ന വനിതാവേദി പ്രവർത്തകരുടെ ആഗ്രഹത്തിന്‍റെ സഫലീകരമാണ് ഇന്ന് നിർമ്മാണമാരംഭിച്ച കുടിവെള്ള പദ്ധതി. പദ്ധതി മൂന്നുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിനു അകമഴിഞ്ഞ് സഹായിച്ച കുവൈറ്റിലും നാട്ടിലുമുള്ള എല്ലാ നല്ല മനസുകളോടും നന്ദി അറിയിക്കുന്നതായ് വനിതാവേദി പ്രസിഡന്‍റ് ശാന്താ ആർ.നായർ, ജനറൽ സെക്രട്ടറി ടോളി പ്രകാശ് എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ