കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ഹൃസ്വചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു
Saturday, June 24, 2017 8:38 AM IST
കുവൈത്ത് സിറ്റി: കേരള അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്‍ററി ചലച്ചിത്രമേളയിൽ ഹൃസ്വചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിച്ചു.

പ്രവാസലോകത്തെ പരിമിതികൾക്കുള്ളിൽ നിന്ന് മുനിർ അഹമദ് സംവിധാനം ചെയ്ത "മുജാഹിർ’ എന്ന ഹൃസ്വചിത്രവും പി.എൻ രാമചന്ദ്ര സംവിധാനം ചെയ്ത "ദി അണ്ബെയറബിൾ ബീയിംഗ് ഓഫ് ലൈറ്റ്നസ്’, മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത "മാർച്ച് മാർച്ച് മാർച്ച്', എൻ.സി ഫാസിൽ, ഷോണ്‍ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത "ഇൻ ദ ഷേയ്ഡ് ഓഫ് ഫാളൻ ചിനാർ’ എന്നീ ഡോക്യുമെന്‍ററികളുമാണ് പ്രദർശിപ്പിച്ചത്.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, ഫിലിം സൊസൈറ്റി കണ്‍വീനർ രാജേഷ്, കല കുവൈറ്റ് അബാസിയ മേഖലാ സെക്രട്ടറി മൈക്കിൾ ജോണ്‍സണ്‍ എന്നിവർ പ്രസംഗിച്ചു. അനുമതി നിഷേധിച്ച ഹൃസ്വചിത്രങ്ങളെക്കുറിച്ച് നിമിഷ രാജേഷ് വിശദീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ