ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബ് ലോകത്തെ ജനപ്രിയൻ
Saturday, October 7, 2017 6:14 AM IST
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അറബ് നേതാവ്. 84 ലക്ഷം പേരാണ് അദ്ദേഹത്തിന്‍റെ വാക്കുകൾക്കായി ട്വിറ്ററിൽ കണ്ണും നട്ടിരിക്കുന്നത്. ട്വിപ്ലോമസി പുറത്തുവിട്ട ടോപ് ടെൻ പട്ടികയിൽ ഇടം പിടിച്ച ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദ് തന്നെ.

ലോകത്ത് പത്താമതായാണ് അദ്ദേഹം ട്വിറ്ററിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഒന്നാമത്. ഫ്രാൻസിസ് മാർപാപ്പായെ പിന്തള്ളിയാണ് ട്രംപ് ഒന്നാമത്തെത്തിയത്. രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നും നാലും സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. (മോദിക്ക് ട്വിറ്ററിൽ രണ്ട് അക്കൗണ്ടുകളുണ്ട്). ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

ഇതേ സമയം, അറബ് നേതാക്കൾ ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത് തുടരുന്നു. ഏറ്റവുമൊടുവിൽ ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവ് ട്വിറ്ററിലെത്തി. ജോർദാനിലെ റാണിയ രാജ്ഞിയാണ് അദ്ദേഹത്തെ ആദ്യം പിന്തുടർന്നത്.