"മലയാളികളുടെ സംസ്കാരിക പ്രവർത്തനം അനുകരണീയം’
Wednesday, October 11, 2017 11:55 AM IST
ദമാം: കേരളീയരുടെ സാംസ്കാരിക പ്രവർത്തനങ്ങൾ അനുകരനീയമാണെന്നും കല സാംസ്കാരികം, ജീവകാരുണ്യം കായിരംഗത്തെ മലയാളികളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അനുകരിക്കാവുന്നതാണെന്നും സൗദി അറേബ്യൻ സോസൈറ്റി ഫോർ കൾച്ചർ ആൻഡ് ആർട്സ് മാനേജർ അഹമ്മദ് എം. അൽ മുല്ല. നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച സ്കോളർഷിപ്പ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദ്യഅറേബ്യയും കേരളവുമായുള്ള സാംസ്കാരിക ബന്ധം കുറച്ചുകൂടി ഉൗഷ്മളമാക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലും സൗദിയിലുമായി 10, 12 ക്ലാസുകളിൽ 90% ശതമാനം മാർക്ക് ലഭിച്ച 209 കുട്ടികളെയാണ് നവോദയ സ്കോളർഷിപ്പ് നൽകി ആദരിച്ചത്. 2014 മുതലാണ് നവോദയ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ചവരെ സ്കോളർഷിപ്പ് നൽകി ആദരിക്കുന്നത്. അഹമ്മദ് എം അൽ മുല്ല, നവോദയ നേതാക്കളായ ബിജുകല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, ബെൻസി മോഹൻ എന്നിവർ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

നവോദയ പ്രസിഡന്‍റ് പവനൻ മൂലക്കീൽ അധ്യക്ഷത വഹിച്ചു. നവോദയ ജനറൽ സെക്രട്ടറി എം.എം. നയിം, കേരളാ പ്രവാസി ക്ഷേമബോർഡ് ഡയറക്ടറും നവോദയ രക്ഷാധികാരിയുമായ ജോർജ് വർഗീസ്, കേന്ദ്ര വനിതാ വേദി കണ്‍വീനർ സുഷമാ റെജി, ഒഐസിസി ദമാം റീജണൽ പ്രസിഡന്‍റ് ബിജു കല്ലുമല, കഐംസിസി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, നവയുഗം സാംസ്കാരിക വേദി പ്രസിഡന്‍റ് ബെൻസി മോഹൻ, മനേഷ് പുല്ലുവഴി, സുധീഷ് തൃപ്രയാർ എന്നിവർ സംസാരിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ കൃഷ്ണകുമാർ, പ്രസന്നൻ പന്തളം, ബഷീർ മേച്ചേരി നിധീഷ് മുത്തംബലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം