ഇന്ത്യൻ സ്കൂൾ ഫെസ്റ്റ്, ഡോ. എം.കെ മുനീർ മുഖ്യാതിഥി
Monday, December 4, 2017 3:41 PM IST
റിയാദ്: റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കെ എംസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ ഫെസ്റ്റ് 2017ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഡിസംബർ 8ന് വെള്ളിയാഴ്ച എക്സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിൽ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ഫെസ്റ്റിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ പൂർത്തിയാക്കിയത്. 201 അംഗ സംഘാടക സമിതിയാണ് ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. സ്റ്റേജ് സ്റ്റേജിതര മത്സരങ്ങളിലായി നടക്കുന്ന മുഴുദിന മത്സരപരിപാടിയിൽ റിയാദ്, മജ്മ, അൽഖർജ്, ബുറൈദ എന്നിവിടങ്ങളിലെ പതിനേഴോളം ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുക്കും.

ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴി ആയിരത്തിലേറെ വിദ്യാർഥികൾ ഇതുവരെയായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇന്‍റർ സ്കൂൾ ക്വിസ്, ഇന്‍റർ സ്കൂൾ ആർട്സ് ആൻഡ് സയൻസ് എക്സിബിഷൻ, പദ്യം ചൊല്ലൽ, കഥപറയൽ, ഫാൻസി ഡ്രസ്, കളറിംഗ് ആൻഡ് ഡ്രോയിംഗ്, ക്ലേ മോഡലിംഗ്, ഇംഗ്ലീഷ് പ്രബന്ധരചന, വാർത്താവായന, പ്രസംഗം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. രണ്ടായിരത്തോളം വിദ്യാർഥികളും ആയിരത്തോളം കുടുംബിനികളും പങ്കെടുക്കുന്ന ഫെസ്റ്റ് റിയാദിൽ ആദ്യമായാണ് അരങ്ങേറുന്നത്.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് രെവീീഹളലെേ2017@ഴാമശഹ.രീാ വിലാസത്തിലോ 0555882738, 0507559373 നന്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷനും തത്സമയ രജിസ്ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ചെയർമാൻ സുബൈർ അരിന്പ്ര, ജനറൽ കണ്‍വീനർ മുജീബ് ഉപ്പടയും പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ