കുവൈത്തിൽ നോർക്ക പ്രവാസി ഐഡി കാർഡ് വിതരണം സജീവമായി
Monday, January 15, 2018 11:17 PM IST
കുവൈത്ത്: വിവിധ സംഘടനകൾക്കു കീഴിൽ അപേക്ഷ നൽകി മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നോർക്ക കാർഡുകൾ അപേക്ഷകർക്ക് ലഭിച്ചു തുടങ്ങിയത്. പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കാലങ്ങളായി വീഴ്ച വരുത്തിയതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനിടയിലാണ് വെൽഫെയർ കേരള പോലുള്ള പ്രവാസി സംഘടനകളുടെ വ്യാപകമായ ബോധവത്കരണത്തിന്‍റെ ഫലമായി ആയിരക്കണക്കിന് പേർ നോർക്ക കാർഡിനായി അപേക്ഷ നല്കിയത്.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നിന്നും കൂട്ടത്തോടെ വന്ന അപേക്ഷകൾ പരിശോധന നടത്തി കാർഡുകൾ പ്രിന്‍റ് ചെയ്യാൻ മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കാരണം മാസങ്ങളോളം വിവിധ നോർക്ക ഓഫീസുകളിൽ അപേക്ഷകൾ കെട്ടികിടന്ന വാർത്ത മുന്പ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസികളുടെ നിരന്തര സമ്മർദ്ദം മൂലം കുടുംബ ശ്രീ യൂണിറ്റുകളുടെ സഹായത്തോടെ കാർഡുകൾ പ്രിന്‍റ് ചെയ്യാൻ നോർക്ക സംവിധാനമുണ്ടാക്കിയതോടെയാണ് കാർഡുകൾ ലഭിച്ചു തുടങ്ങിയത്. വൈകിയാണെങ്കിലും പ്രവാസികൾക്കുള്ള ഒൗദ്യോഗിക രേഖയായ നോർക്ക തിരിച്ചറിയൽ കാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നു അപേക്ഷകർ പറയുന്നു.

നോർക്ക റൂട്സ് വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന സംവിധാനം ഈയിടെ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങൾ അല്പം സങ്കീർണമായതിനാൽ സാധാരണക്കാരായ പ്രവാസികൾ സാമൂഹിക സംഘടനകളെയാണ് അപേക്ഷ സമർപ്പിക്കാനായി ആശ്രയിക്കുന്നത് .

വിവിധ സംഘടനകൾ മുൻകൈ എടുത്ത് നടത്തിവരുന്ന നോർക്ക കാർഡ് വിതരണം വിവിധ ഘട്ടങ്ങളിലായി കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നു.

അബാസിയ,ഫർവാനിയ,സാൽമിയ,ഫഹഹീൽ എന്നീ മേഘലകളിൽ ഇതിനോടകം രണ്ടായിരത്തോളം കാർഡുകൾ വിതരണം ചെയ്തതായി വെൽഫെയർ കേരള കുവൈത്ത് ഭാരവാഹികൾ അറിയിച്ചു.

അപേക്ഷ നൽകുന്ന സമയത്തെ മൊബൈൽ നന്പറുകളിൽ പലതും മാറിയതിനാൽ കാർഡ് ഉടമകളെ ബന്ധപ്പെടാനുള്ള പ്രയാസവും സംഘാടകർ പങ്കുവയ്ക്കുന്നു. വാട്സ്ആപ്പ്, ഇമെയിൽ വഴി സന്ദേശമയച്ചും കാർഡ് വിതരണത്തിന്‍റെ അറിയിപ്പുകൾ മാധ്യമങ്ങൾക്ക് നൽകിയും അപേക്ഷകരെ അറിയിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പല കാർഡുകളും കൈപ്പറ്റാൻ ഇതുവരെ അപേക്ഷകർ എത്താത്തത് സംഘാടകരെ ആശങ്കയിലാക്കുകയാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ