പാസ്പോർട്ട് പുറംചട്ടയുടെ കാവിവത്കരണം ഉപേക്ഷിക്കുക: ദമാം ഒഐസി സി
Thursday, January 18, 2018 1:25 AM IST
ദമാം: ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമല്ലാത്ത എല്ലാ ഇന്ത്യൻ പൗര·ാർക്കും നാളിതുവരെ നൽകിയിരുന്ന കടും നീല നിറത്തിൽ പുറംചട്ടയുള്ള പാസ്പോർട്ട് ഇനി മുതൽ ഒരു വിഭാഗം ആളുകൾക്ക് മാത്രമായി നിജപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഒഐസിസി ദമാം റീജണൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കടും നീല നിറത്തിലുള്ള പുറംചട്ടയുളള സ്പോർട്ടിനൊപ്പം കാവി നിറത്തിൽ പുറംചട്ടയുള്ള പാസ്പോർട്ട് കൂടി നിലവിൽ വരികയാണ്. വിദേശത്ത് ജോലി അന്വേഷിച്ചു പോകുന്നവരിൽ വിദ്യാസന്പന്നരായ എമിഗ്രേഷൻ ആവശ്യമില്ലാത്തവരെയും എമിഗ്രേഷൻ ആവശ്യമുള്ള അവിദഗ്ദ്ധരും സാധാരണക്കാരുമായ തൊഴിലാളികളെയും പാസ്പോർട്ടിന്‍റെ നിറവ്യത്യാസത്തിലൂടെ വേർതിരിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നീക്കം തുഗ്ലഖ് ഭരണപരിഷ്കാരമാണ്. ഇത് ഫലത്തിൽ രണ്ടു തരം പൗര·ാരെ സൃഷ്ടിക്കുമെന്നതിനാൽ കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു.

കാവി നിറത്തിലുള്ള പുറംചട്ടക്കൊപ്പം പാസ്പോർട്ടുടമക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നതിനെന്ന പേരിൽ അവസാന പേജിലെ മാതാപിതാക്കളുടെയും ജീവിത പങ്കാളിയുടെയും പേര്, സ്വന്തം മേൽവിലാസം എന്നിവയും എടുത്ത് കളയുകയാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം അവസാനപേജിലെ ഈ രേഖകളാണ് വിദേശത്തും സ്വദേശത്തും ഒൗദ്യോഗിക രേഖയായി കണക്കാക്കുന്നത്. വിശിഷ്യാ മലയാളികൾക്ക് നോർക്കയിൽ അംഗത്വമെടുക്കണമെങ്കിൽ പോലും പാസ്പോർട്ടിന്‍റെ അവസാന പേജ് നിർബന്ധമാണ്. ഇങ്ങനെയുള്ള ഒൗദ്യോഗിക രേഖയെയാണ് കേന്ദ്ര സർക്കാരിന്‍റെ വികലമായ നയത്തിലൂടെ എടുത്തു കളയുന്നത്. ഇത് അംഗീകരിക്കാനാവില്ല.

ചുരുക്കിപറഞ്ഞാൽ സാധാരണക്കാരായ പ്രവാസികളെ രണ്ടാംതര പൗര·ാരായി വേർതിരിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ സങ്കുചിത താൽപര്യമാണ് നടപ്പിലാക്കുന്നത്.

ചില രാജ്യങ്ങളിൽ ഭർത്താവിന് ഭാര്യയ്ക്കുവേണ്ടിയോ, ഭാര്യക്ക് ഭർത്താവിന് വേണ്ടിയോ വീസക്ക് അപേക്ഷിക്കണമെങ്കിൽ ഇരുവരുടെയും പാസ്പോർട്ടിൽ പേരുകൾ അന്യോന്യം നിർബന്ധമാണെന്നിരിക്കെ, ഇതൊന്നും കണക്കിലെടുക്കാതെ കേന്ദ്ര സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത് ബുദ്ധിശൂന്യമായ നടപടിയാണ്.

ഉത്തർപ്രദേശിലെ സർക്കാർ സ്ഥാപനങ്ങൾക്കും മദ്രസകൾക്കും കാവി നിറത്തിലുളള പെയിന്‍റടിക്കാൻ ഉത്തരവിറക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നടപടിക്ക് പിന്നാലെ ഒരൊറ്റ രാജ്യം, ഒരൊറ്റ ജനതയെന്ന ഇന്ത്യയുടെ അമൂല്യ സ്വത്വത്തെ ഇല്ലായ്മ ചെയ്യുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മോദി സർക്കാരിന്‍റെ നടപടിക്കെതിരെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും, കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ പ്രവാസി സമൂഹവും ശക്തമായ പ്രതിഷേധമുയർത്തണമെന്ന് ഒഐസിസി ദമാം റീജണൽ കമ്മിറ്റി അഭ്യർഥിച്ചു.

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്ക് കത്തയക്കുമെന്ന് ദമാം റീജണൽ കമ്മിറ്റി പ്രസിഡന്‍റ് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ.സലിം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം