വേതന സുരക്ഷാ പദ്ധതി: പതിമൂന്നാം ഘട്ടം ഫെബ്രുവരി മുതൽ
Friday, January 19, 2018 12:06 AM IST
ദമാം: സൗദിയിൽ തൊഴിൽ മന്ത്രാലയം നടപ്പിലാക്കി വരുന്ന വേതന സുരക്ഷാ പദ്ധതിയുടെ പതിമൂന്നാം ഘട്ടം ഫെബ്രുവരി മുതൽ നിലവിൽ വരുമെന്ന് തൊഴിൽ സാമുഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.

30 മുതൽ 39 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പതിമൂന്നാം ഘട്ടത്തിൽ വേതന സുരക്ഷാ പദ്ദതി നടപ്പാക്കുന്നത്.

പതിനാലായിരം സ്ഥാപനങ്ങളാണ് പതിമൂന്നാം ഘട്ടത്തിൽ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുന്നത്. 4,77,702 പേരാണ് പുതിയ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുകയെന്ന് തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു.

തൊഴിലാളികളുടെ കൃത്യമായ വേതനം കൃത്യസമയത്തു തന്നെ നൽകുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ടു ലക്ഷ്യമാക്കുന്നത്.

വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗാർഹിക തൊഴിലാളികളുടെ ശന്പളവും ബാങ്ക് മുഖേന നൽകണമെന്നു അടുത്തിടെ തൊഴിൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം