യുഎഇ ഫിലിം ഫെസ്റ്റ്: സോളിലോക്വി മികച്ച ചിത്രം
Wednesday, April 25, 2018 9:11 PM IST
അബുദാബി: ഫിലിം ഇവന്‍റ് യുഎഇ ഷോർട്ട് ഫിലിം ഫെസ്റ്റ് മത്സരത്തിൽ സോളിലോക്വി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. അബുദാബി ഇന്ത്യാ സോഷ്യൽ സെന്‍ററിൽ നടന്ന മത്സരത്തിൽ പ്രവാസ സൃഷ്ടികളിൽ നിന്നും മുപ്പത് ഹൃസ്വ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

കലാകാര·ാരുടെ കൂട്ടായ്മയായ ഫിലിം ഇവന്‍റ് യുഎഇ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ നിസാർ ഇബ്രാഹിം സംവിധാനം നിർവഹിച്ച സോളിലോക്വി യാണ് മികച്ച ചിത്രമായി തെരെഞ്ഞെടുത്തത്. മികച്ച സംവിധായനുള്ള പുരസ്കാരവും നിസാർ ഇബ്രാഹിം തന്നെ സ്വന്തമാക്കി. റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്ത കനൽ എന്ന ചിത്രത്തിനാണ് രണ്ടാം സ്ഥാനം. ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്ത അഷറഫ് കിരാലൂർ മികച്ച നടനും മോർണിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിനെ വി.കെ. അനഘ മികച്ച നടി ആയും തെരഞ്ഞെടുക്കപ്പെട്ടു. എൻഡ് എന്ന ചിത്രം സ്പെഷൽ ജൂറി അവാർഡ് കരസ്ഥമാക്കി.

പ്രശസ്ത നാടക, സിനിമാ സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗവുമായ മനോജ് കാനയാണ് വിധികർത്താവായി എത്തിയത്. ഫിലിം ഇവന്‍റ് പ്രസിഡന്‍റ് എം.കെ. ഫിറോസ് , ജനറൽ സെക്രട്ടറി ബിജു കിഴക്കനേല, ട്രഷറർ ഉമ്മർ നാലകത്തു, കബീർ അവറാൻ, സുനിൽ ഷൊർണൂർ, അൻസർ വെഞ്ഞാറമൂട് എന്നിവർ നേതൃത്വം നൽകി.

അബുദാബി മലയാളി സമാജം പ്രസിഡന്‍റ് വക്കം ജയലാൽ, ഇന്ത്യാ സോഷ്യൽ സെന്‍റർ കലാ വിഭാഗം കണ്‍വീനർ ശ്രീകുമാർ ഗോപിനാഥ്, സമീർ കല്ലറ, അഡ്വ. ആയിഷ സക്കീർ, ഹനീഫ് കുമരനല്ലൂർ, ഫ്രാൻസിസ്, മഞ്ജു സുധീർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള