മലയാളി ദമ്പതികള്‍ക്ക് ഒടുവില്‍ വിജയം; റീഹാബിലിറ്റേഷന്‍ ഡിഗ്രികള്‍ക്ക് അംഗീകാരം
Monday, November 25, 2013 10:07 AM IST
ബ്രിസ്ബന്‍: ഓസ്ട്രേലിയന്‍ മലയാളി ദമ്പതികളുടെ ദീര്‍ഘനാളത്തെ ശ്രമഫലമായി റീഹാബിലിറ്റേഷന്‍ മേഖലയില്‍ വിദേശ യൂണിവേഴ്സിറ്റികളില്‍നിന്നും ബിരുദം നേടിയവര്‍ക്ക് തുണയായി. വിദഗ്ധ ചികിത്സ തേടുന്ന ഇന്ത്യയിലെ ആയിരക്കണക്കിന് രോഗികള്‍ക്കും ഇതു അനുഗ്രഹമായി.

ആഗോള തലത്തില്‍ റേറ്റിംഗില്‍ മുന്നിട്ടുനില്‍ക്കുന്ന പ്രശസ്ത യൂണിവേഴ്സിറ്റികളില്‍നിന്നും ബിരുദാനന്തര ബിരുദം നേടിയവര്‍ക്കുപോലും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുക ദുഷ്കരമായിരുന്നു.

1992 ല്‍ രൂപീകരിച്ച റിഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ഞഇക) അനുമതി ലഭിച്ചാല്‍ മാത്രമെ ഇന്ത്യയില്‍ ജോലി ചെയ്യാനാകു. എന്നാല്‍ വിദേശ യൂണിവേഴ്സിറ്റികളുടെ കോഴ്സുകള്‍ വിലയിരുത്തുന്നതിനോ അംഗീകാരം നല്‍കുന്നതിനോ ഇതുവരെ സംവിധാനം ഇല്ലായിരുന്നു.

ആഗോളതലത്തില്‍ അറിയപ്പെടുന്ന യൂണിവേഴ്സിറ്റ് ഓഫ് ക്യൂന്‍സ് ലാന്‍ഡില്‍നിന്നും ഓഡിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ സലിമോന്‍ ജോസഫ് വരകുകാലായും ഭാര്യ സെലിന്‍ ജോസഫും സ്വന്തം നാട്ടില്‍ സേവനം ചെയ്യാനാണ് ഞഇക രജിസ്ട്രേഷനായി ശ്രമം തുടങ്ങിയത്. ഓസ്ട്രേലിയന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് കൌണ്‍സില്‍ അംഗത്വമുള്ള ഇവര്‍ക്ക് ഇന്ത്യയില്‍ ഇഷ അംഗത്വം ലഭിച്ചുവെങ്കിലും ഞഇക രജിസ്ട്രേഷന്‍ നിഷേധിക്കുകയായിരുന്നു.

ഓസ്ട്രേലിയയില്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസില്‍ 10 വര്‍ഷത്തോളമായി ഓഡിയോളജിസ്റുകളായി പ്രവര്‍ത്തിക്കുന്ന സലിമോനും സെലിനും ഇതിനെതിരെ രംഗത്തുവരികയായിരുന്നു. പ്രീഡിഗ്രി പോലും പാസാകാത്തവര്‍പോലും ഓഡിയോളജിസ്റുകളും മറ്റുമായി വിലസുമ്പോഴാണ് ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പ് അടക്കമുള്ളവര്‍ക്കും ഇന്ത്യയിലെ വിവിധ വകുപ്പു മന്ത്രിമാര്‍ക്കും ഇതുസംബന്ധിച്ച് പരാതികള്‍ അയച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രി ശശി തരൂര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബാംഗളൂര്‍ നിംഹാന്‍സ് ഡയറക്ടര്‍ ഡോ. എം. ജയറാം അധ്യഷനായി ഒരു സമിതി രൂപീകരിക്കുകയും തുടര്‍ന്ന് വിദേശ യൂണിവേഴ്സിറ്റി ഡിഗ്രികള്‍ക്ക് ആദ്യമായി അംഗീകാരം നല്‍കുന്നതിന് നടപടിയും ആരംഭിച്ചു. വിദേശ പൌരത്വം ഉള്ളവര്‍ക്കുപോലും ഇതേതുടര്‍ന്ന് ഇന്ത്യയില്‍ റീഹാബിലിറ്റേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് അനുമതി ലഭിച്ചു.

കുട്ടികളിലെയടക്കം ശ്രവണ വൈകല്യം കണ്ടുപടിക്കുന്നതിനും പരിഹാരം കാണുന്നതിനുമായുള്ള സ്ഥപനം തുടങ്ങുന്നതിനുള്ള ശ്രമം ആരംഭിച്ചതായി സലിമോന്‍ ജോസഫും സെലിനും പറഞ്ഞു.

എല്ലാവിധ സജ്ജീകരണങ്ങളോടെയാവും കോട്ടയം അതിരമ്പുഴ ഓട്ടക്കാഞ്ഞിരം ജംഗ്ഷനില്‍ ഇന്തോ-ഓസ്ട്രേലിയന്‍ ഹിയറിംഗ് സെന്റര്‍ എന്ന സ്ഥാപനം ആരംഭിക്കുന്നതെന്ന് ഈ ദമ്പതികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്