ആറാമത് സോന-കേളി സ്കൂള്‍ യുവജനോല്‍സവം: സ്റേജിതര ഇനങ്ങള്‍ ഒക്ടോബര്‍ മൂന്നിന്
Thursday, September 18, 2014 2:26 AM IST
റിയാദ്: നാലുദിവസം നീണ്ടുനില്‍ക്കുന്ന ആറാമത് സോന കേളി സ്കൂള്‍ യുവജനോല്‍സവത്തിന് സാഹിത്യ, രചനാ മല്‍സരങ്ങളോടെ ഒക്ടോബര്‍ മൂന്നിന് അസ്സീസിയയിലുള്ള മഹാത്മ ഇന്റര്‍നാഷണല്‍ സ്കൂളില്‍ തുടക്കമാകും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മല്‍സരങ്ങളില്‍ ജുനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസം (ഇംഗ്ളീഷ്, മലയാളം), ചെറിയ കുട്ടികള്‍ക്കായുള്ള (കിഡ്സ് വിഭാഗം) ക്ളേ മോഡലിങ്്, കിഡ്സ്, സബ്ജൂനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള ചിത്രരചന എന്നീ മല്‍സരങ്ങളാണ് നടക്കുകയെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസലോകത്തെ സ്കൂള്‍ യുവജനോല്‍സവങ്ങളില്‍ നിന്നും ആദ്യമായി ഏറെ വ്യത്യസ്ഥതയോടെ ഗ്രൂപ്പ് ഇനങ്ങളിലൊഴികെ മറ്റ് മല്‍സര ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന മല്‍സര വിജയിക്ക് രണ്ട് ഗ്രാം സ്വര്‍ണ്ണ മെഡലായിരിക്കും സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് വെള്ളി മെഡലും മൂന്നാം സ്ഥാനക്കാര്‍ക്ക് വെങ്കല മെഡലും ലഭിക്കും. ഗ്രൂപ്പിനങ്ങളിലെ മല്‍സര വിജയികള്‍ക്ക് ട്രോഫികളായിരിക്കും സമ്മാനമായി നല്‍കുക. കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിന് അഞ്ച് പവന്റെ കേളി-സോന റോളിങ് ട്രോഫിയാണ് നല്‍കുന്നത്. മെഡലുകളും റോളിങ് ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് സോന ജുവലറിയാണ്.

രചനാ മല്‍സര ഇനങ്ങളും ഗ്രൂപ്പ് ഇനങ്ങളും കൂടാതെ ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളില്‍ (സ്റേജ് ഇനങ്ങള്‍) നാല് ഇനങ്ങളില്‍ മാത്രമെ മല്‍സരിക്കാന്‍ അനുവദിക്കുകയുള്ളു. വ്യക്തിഗത ഇനങ്ങള്‍ക്ക് 10, 5, 3 പോയിന്റുകള്‍ വീതവും ഗ്രൂപ്പ് ഇനങ്ങള്‍ക്ക് 15, 10, 5 പോയിന്റുകള്‍ വീതവുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കായി സ്കൂളുകള്‍ക്ക് ലഭിക്കുക.

കേരള സ്കൂള്‍ യുവജനോല്‍സവം സംഘടിപ്പിക്കുന്ന അതേ രീതിയും മാനദണ്ഡങ്ങളും പരമാവധി പാലിച്ചാണ് കേളി സ്കൂള്‍ യുവജനോല്‍സവങ്ങളും സംഘടിപ്പിക്കുന്നത്. മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് പുറമെ അറബിക്, ഇംഗ്ളീഷ് എന്നീ ഭാഷകളിലുള്ള മല്‍സര ഇനങ്ങളും മറ്റു ഭാഷാവിദ്യാര്‍ത്ഥികള്‍ക്കായി യുവജനോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ചിത്രരചന പോലുള്ള ഇനങ്ങളില്‍ സ്വദേശികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ കേളി സംഘടിപ്പിച്ച യുവജനോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

മുന്‍കാലങ്ങളിലേതിനേക്കാളും വളരെ വിപുലമായ രീതിയിലാണ് ഇത്തവണ കേളി സ്കൂള്‍ യുവജനോല്‍സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞ്ു. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന രചനാ മല്‍സരങ്ങള്‍ക്ക് ശേഷം പെരുന്നാള്‍ അവധി ദിനങ്ങളായ ഒക്ടോബര്‍ 6, 7 തീയതികളിലും അതിനടുത്ത വെള്ളിയാഴ്ച്ചയായ ഒക്ടോബര്‍ 10നു മാണ് ശേഷിക്കുന്ന സ്റേജിനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കുക. സ്റേജിനങ്ങള്‍ എല്ലാം തന്നെ അല്‍ഹയറിലെ അല്‍ ഒവൈദ ഓഡിറ്റോറിയത്തിലും, അല്‍ ഒവൈദ കോമ്പൌണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന സ്റ്റേജിലുമായാണ് നടക്കുന്നത്. പരിപാടികളുടെ സമയക്രമം താല്‍ക്കാലികമായി രൂപപ്പെടുത്തിയിട്ടുണ്െടങ്കിലും ഓരോ ഇനങ്ങളിലും ലഭിക്കുന്ന രജിസ്ട്രേഷന്റെ എണ്ണം അനുസരിച്ച് സമയക്രമത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തുന്നതാണ്െ. റിയാദിലെയും പരിസരപ്രദേശങ്ങളിലെയും പതിനെട്ടോളം ഇന്റര്‍നാഷണല്‍ സ്കൂളുകളിലെ കുട്ടികള്‍ നാലു ദിവസങ്ങളിലായി 42ഓളം ഇനങ്ങളില്‍ തങ്ങളുടെ പ്രതിഭ മാറ്റുരക്കും. മലയാളത്തിനു പുറമെ അന്യഭാഷാകുട്ടികള്‍ക്ക് ചിത്രരചന, ക്ളേ മോഡലിങ്, അറബിക് പദ്യപാരായണം, ഇംഗ്ളീഷ് പ്രസംഗം, ഇംഗ്ളീഷ് ഉപന്യാസം, മൈം, ടാബ്ളോ, ഫാന്‍സി ഡ്രസ്, കഥ പറച്ചില്‍ (ഇംഗ്ളിഷ്), ഉപകരണ സംഗീതം (ഓര്‍ഗന്‍) തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. സൌദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത, അതാത് രംഗങ്ങളില്‍ പ്രഗത്ഭരായവരായിരിക്കും മല്‍സരങ്ങളുടെ വിധികര്‍ത്താക്കള്‍.

വിജയികള്‍ക്ക് പുറമെ, മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും കേളി സ്കൂള്‍ യുവജനോല്‍സവത്തില്‍ പങ്കെടുത്തതിനുള്ള സാക്ഷ്യപത്രം സമാപന ദിവസം തന്നെ വിതരണം ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു. നാലു ദിവസങ്ങളിലും മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍്ക്കും സൌജന്യമായും കുട്ടികളുടെ കൂടെ വരുന്നവര്‍ക്കും പരിപാടികള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്കും കുറഞ്ഞ നിരക്കിലും ഭക്ഷണം നല്‍കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്.

സമാപന ദിവസം രാവിലെ മുതല്‍ വിവിധ സ്കൂളുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ശാസ്ത്ര പ്രദര്‍ശനം ആറാമത് കേളി സ്കൂള്‍ യുവജനോല്‍സവത്തിന്റെ മറ്റൊരു ആകര്‍ഷണമായിരിക്കും. ഏറ്റവും നല്ല പ്രദര്‍ശനം കാഴ്ച്ചവെക്കുന്ന സ്കൂളിന് പ്രത്യേക ട്രോഫി സമ്മാനിക്കും. സമാപനദിവസമായ ഒക്ടോബര്‍ 10ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും കേരളത്തില്‍ നിന്ന് സാംസ്കാരിക രംഗത്തെ ചില പ്രമുഖരെ പങ്കെടുപ്പിക്കാള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സീനിയര്‍ ജുനിയര്‍ വിഭാഗങ്ങളിലെ ചിത്രരചന, എല്ലാ സാഹിത്യരചനാ ഇനങ്ങള്‍, പ്രസംഗ മല്‍സരം (ഇംഗ്ളീഷ്, മലയാളം) എന്നിവയില്‍ വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മല്‍സരങ്ങള്‍. "സൂര്യാസ്തമയം', പൂന്തോട്ടം, മ്യഗശാലയിലെ ഒരു കാഴ്ച്ച എന്നീ വിഷയങ്ങളില്‍നിന്ന് മല്‍സര സമയത്ത് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരു വിഷയമായിരിക്കും ജുനിയര്‍ വിഭാഗം ചിത്രരചനക്കുള്ള വിഷയം. ബാലവേല, പ്രകൃതി ദുരന്തം, മരുഭൂമിയില്‍ ഒട്ടകങ്ങളും മരുപ്പച്ചയും എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും സീനിയര്‍ വിഭാഗം ചിത്രരചനക്കുള്ള വിഷയം. കിഡ്സ്, സബ്ജുനിയര്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക വിഷയങ്ങള്‍ ഇല്ല. ഇഷ്ടമുള്ള ചിത്രങ്ങള്‍ വരക്കാം. ചിത്രരചനാ മല്‍സരത്തെ കുട്ടികള്‍ കൂടുതല്‍ ഗൌരവമായി സമീപിച്ച് മികച്ച ചിത്രങ്ങള്‍ വരക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതിനായാണ് മല്‍സര വിഷയങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നത്.  ചിത്രചനക്കാവശ്യമായ കളര്‍ പെന്‍സില്‍, ക്രയോണ്‍സ്, വാട്ടര്‍ കളര്‍, ഡ്രായിങ് ബോര്‍ഡ് (ആവശ്യമെങ്കില്‍), ക്ളേ മോഡലിങ്ങിന് ആവശ്യമായ ക്ളേ എന്നിവ മല്‍സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. ഡ്രോയിങ് ഷീറ്റ്, പേപ്പര്‍ തുടങ്ങിയവ സംഘാടകര്‍ നല്‍കും. കേവലം മത്സരം എന്നതിനുപരി പ്രസംഗ മല്‍സരത്തിന്റെ നിലവാരം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ പ്രസംഗ മല്‍സരത്തിനുള്ള വിഷയങ്ങള്‍ മല്‍സരസമയത്തിന് 48 മണിക്കൂര്‍ മുന്‍പ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്.

പ്രധാനമായും സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് രജിസ്ട്രേഷന്‍ സ്വീകരിക്കന്നതെങ്കിലും റിയാദിലെ വിവിധ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഏര്‍പ്പെടുത്തുന്ന രജിസ്ട്രേഷന്‍ കൌണ്ടറുകള്‍ മുഖേനയും രജിസ്ട്രേഷന്‍ സ്വീകരിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ യുവജനോത്സവ വെബ്സൈറ്റായ വു://ശെലേ.ഴീീഴഹല.രീാ/ശെലേ/ീിമസലഹശ നിന്ന് രജിസ്ട്രേഷന്‍ ഫോറം ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. രജിസ്ടേഷന്‍ സ്വീകരിക്കുന്ന അവസാനതീയതി സെപ്തംബര്‍ 25 ആണ്.

സോന ജുവലറിയാണ് ആറാമത് കേളി സ്കൂള്‍ യുവജനോല്‍സവത്തിന്റെ മുഖ്യ പ്രായോജകര്‍. കൂടാതെ റിയാദിലെ വ്യാപാരി സമൂഹത്തില്‍ നിന്ന് ആറാമത് കേളി സ്കൂള്‍ യുവജനോല്‍സവത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും നിരവധി സ്ഥാപനങ്ങളും വ്യക്തികളും യുവജനോല്‍സവവുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്െടന്നും സംഘാടകര്‍ പറഞ്ഞു. സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന, സൌദി അറേബ്യയിലെ പ്രവാസലോകത്തെ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയുടെ മുഖ്യ പ്രായോജകരാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്നും ഇതു മൂന്നാം തവണയാണ് സോന ജുവലറി കേളി സ്കൂള്‍ യുവജനോല്‍സവത്തിന്റെ മുഖ്യ പ്രായോജകരാകുന്നതെന്നും സോന ജുവലറി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂരജ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ കുഞ്ഞിരാമന്‍ മയ്യില്‍, ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ടി. ബഷീര്‍, സോന ജുവലറി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂരജ്, കേളി സെക്രട്ടറി റഷീദ് മേലേതില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍