നേപ്പാളിലെ ദുരന്തഭൂമിയിലേക്ക് സാന്ത്വനവുമായി ജ്വാല
Saturday, May 9, 2015 5:36 AM IST
ബ്രിസ്ബെയ്ന്‍: നേപ്പാളിലെ കാഠ്മണ്ഡു ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിനായുള്ള അവശ്യവസ്തുക്കളടങ്ങിയ വാഹനം കണ്ണൂരില്‍നിന്നും പുറപ്പെട്ടു.

ജില്ലയിലെ പ്രധാന കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ ഉത്പന്നങ്ങള്‍ ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വീസിനു കൈമാറി. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തലശേരി സബ്കളക്ടര്‍ നവ്ജ്യോത്, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.വി. പ്രേമരാജന്‍, ബ്ളോക്ക് കോഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് എന്നിവര്‍ സന്നിഹിതരായി. നാമമാത്രമായ ലാഭം മാത്രം ഈടാക്കി ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് കൈമാറിയത്.

മില്‍ക്ക് പൌഡര്‍, ബേബി ഫുഡ് തുടങ്ങിയ കൂടുതല്‍ അവശ്യവസ്തുക്കള്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഏജന്‍സികളുടെ സഹായത്തോടെ വരും ദിവസങ്ങളില്‍ നേപ്പാളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.

റിപ്പോര്‍ട്ട്: കെ.പി. ജഗ്ജീവ് കുമാര്‍