മെല്‍ബണ്‍ രൂപത വാര്‍ഷികാഘോഷം ജൂലൈ 10, 11, 12 തീയതികളില്‍
Wednesday, June 17, 2015 5:14 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ 'കൃപാഭിഷേകം 2015' ജൂലൈ 10, 11, 12 തീയതികളില്‍ മെല്‍ബണിലെ ബന്‍ഡൂര ലാട്രോബ് യൂണിവേഴ്സിറ്റി ഹാളില്‍ നടക്കും.

അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഡൊമിനിക് വാളമനാലാണു കണ്‍വന്‍ഷന്‍ നയിക്കുന്നത്. സിഡ്നി, ബ്രിസ്ബെയ്ന്‍, പെര്‍ത്ത്, അഡ്ലെയ്ഡ്, ഡാര്‍വിന്‍, ആലീസ്പ്രിംഗ്, പാരമാറ്റ, വാഗ വാഗ, കാന്‍ബറ, ഷെപ്പേര്‍ട്ടന്‍, ബലാറത്ത്, ബെന്‍ഡിഗോ, മെല്‍ബണ്‍ തുടങ്ങി രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

കണ്‍വന്‍ഷന്റെ ഉദ്ഘാടനം ജൂലൈ 10നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിനു സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിക്കും. തുടര്‍ന്നു ഫാ. ഡൊമിനിക് വാളമനാലിന്റെ നേതൃത്വത്തില്‍ ധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി ഒമ്പതോടെ ആദ്യ ദിവസത്തെ കണ്‍വന്‍ഷന്‍ അവസാനിക്കും.

11 നു (ശനി) രാവിലെ 10നു കണ്‍വന്‍ഷന്റെ രണ്ടാം ദിനം ആരംഭിക്കും ഉച്ചഭക്ഷണത്തിനുശേഷം 1.45ന് രൂപതയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗം നടക്കും. ഓസ്ട്രേലിയയിലെ വിവിധ മത-രാഷ്ട്രീയ-സംസ്കാരിക മേഖലയിലെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. തുടര്‍ന്നു മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷപൂര്‍വമായ കൃതജ്ഞതാ ദിവ്യബലിയില്‍ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവരുള്‍പ്പെടെ രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരായിരിക്കും. രാത്രി 7.30 വരെ കണ്‍വന്‍ഷന്‍ ഉണ്ടായിരിക്കും.

12 നു (ഞായര്‍) രാവിലെ 9.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം നാലിനു സമാപിക്കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൌകര്യമുണ്ടായിരിക്കും.

ഫാ. ഡൊമിനിക് വാളമനാലിനെയും ടീമിനെയും നേരില്‍ കാണുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള പ്രത്യേക സൌകര്യം കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. ദൂരസ്ഥലങ്ങളില്‍നിന്നു വരുന്നവര്‍ക്കു സൌജന്യ താമസ-വാഹന സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ബൈബിള്‍ കണ്‍വന്‍ഷന്റെയും വാര്‍ഷികാഘോഷത്തിന്റെയും വിജയത്തിനായി രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, മെല്‍ബണ്‍ സൌത്ത്-ഈസ്റ് കമ്യൂണിറ്റി വികാരി ഫാ. ഏബ്രഹാം കുന്നത്തോളി, സിഡ്നി റീജണ്‍ എപ്പിസ്കോപ്പല്‍ വികാരി ഫാ. തോമസ് ആലുക്ക, രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ.വര്‍ഗീസ് വാവോലില്‍ എന്നീ വൈദികരുടെയും രൂപത പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍ ജനറല്‍ കണ്‍വീനറും സോളമന്‍ ജോര്‍ജ്, ജോഷ് പൈകട, സെബാസ്റ്യന്‍ തട്ടില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

രൂപത വാര്‍ഷികാഘോഷങ്ങളിലേക്കും ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കുന്ന ബൈബില്‍ കണ്‍വന്‍ഷനിലേയ്ക്കും ഏവരെയും ക്ഷണിക്കുന്നതായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍