ആമിര്‍ഖാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ക്രൂരത: ജഗദീഷ്
Saturday, November 28, 2015 10:17 AM IST
ദോഹ: ഇന്ത്യയിലെ സഹിഷ്ണുതയെക്കുറിച്ച് ആശങ്ക പങ്കുവച്ചതിന്റെ പേരില്‍ ആമിര്‍ ഖാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് കൊടും ക്രൂരതയാണെന്ന് പ്രമുഖ മലയാള സിനിമാതാരം ജഗദീഷ് അഭിപ്രായപ്പെട്ടു. ഖത്തറിലെ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച സാമൂഹ്യ പ്രതിബദ്ധതയുടെ ട്രാക്ക് റിക്കാര്‍ഡുള്ള ഒരു നടന്റെ ആത്മാര്‍ഥതയും രാജ്യ സ്നേഹവും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും നീതീകരിക്കാന്‍ കഴിയില്ല. പരസ്പരം സ്നേഹിക്കുക, ബഹുമാനിക്കുക, ആദരിക്കുക തുടങ്ങിയവയാണ് സഹിഷ്ണുതയുടെ അടയാളങ്ങള്‍. ഇതര മതസ്ഥരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് മറ്റ് മതക്കാരാക്കുന്നതാണ് നമ്മുടെ നാടിന്റെ പാരമ്പര്യം. ഈ നന്മയും സാഹോദര്യവും തിരിച്ചുകൊണ്ടുവരുവാനുളള ശ്രമങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

പല വിഷയങ്ങളിലും ഭരണകൂടത്തിന്റെ നിസംഗത ആശങ്കാജനകമാണ്. എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുന്നവരോട് രാജ്യം വിടാന്‍ പറയുന്നത് ശരിയല്ല.

പഴയ പല സിനിമകളും ഇപ്പോള്‍ ചിത്രീകരിക്കുവാന്‍ പോലും കഴിയാത്തത്ര സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ദൃശ്യ മാധ്യമ സംസ്കാരത്തില്‍ വരുന്ന മാറ്റം സംവേദനത്തിന് പുതിയ തലങ്ങളാണ് നല്‍കുന്നത്. സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. ഫിലിം ഫെസ്റിവലുകള്‍ ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് കാരണമാകുമെന്നാണ് താന്‍ കരുതുന്നത്.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ജിബി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മുജീബു റഹ്മാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഒ.പി. ഷാനവാസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അമാനുള്ള വടക്കാങ്ങര