വീസ ഓണ്‍ അറൈവല്‍: അവ്യക്തത തുടരുന്നു
Monday, November 30, 2015 9:22 AM IST
അബുദാബി: ജിസിസി രാജ്യങ്ങളില്‍നിന്നു യുഎഇ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് ദുബായി ഉള്‍പ്പെടെയുള്ള യുഎയിലെ എമിറേറ്റുകളില്‍ ലഭ്യമായിരുന്ന 'വീസ ഓണ്‍ അറൈവല്‍' സൌകര്യത്തില്‍ നിലനിന്നിരുന്ന അവ്യക്തത തുടരുന്നു.

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മൂന്നു തവണ ഇതു സംബന്ധിച്ച് യുഎഇ ഇമിഗ്രേഷന്‍ അറിയിപ്പുകള്‍ നല്‍കി. രണ്ടു ദിവസം മുമ്പ് പുനസ്ഥാപിക്കപ്പെട്ട സംവിധാനം ഡിസംബര്‍ ഒന്നു മുതല്‍ നിര്‍ത്തല്‍ ചെയ്യുമെന്നാണു പുതിയ അറിയിപ്പില്‍ പറയുന്നത്.

ഒമാനിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഷാര്‍ജയുടെ വിമാനക്കമ്പനി ആയ എയര്‍അറേബ്യ തന്നെയാണ് ആദ്യം അയച്ചിരിക്കുന്നത്.

മാനേജര്‍മാര്‍, ഡോക്ടേഴ്സ്, എന്‍ജിനിയര്‍മാര്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട തൊഴിലുകള്‍ റെസിഡന്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. യുഎഇയിലേക്കു യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിനു മുമ്പ് നിലവിലുള്ള നിയമം പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന സ്ഥിതിയാണുള്ളത്.

ഇലക്ട്രോണിക് വീസ അപേക്ഷ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഓണ്‍ലൈനില്‍ വീസ അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്‍പ്പെടെ തടസങ്ങള്‍ ഉള്ളതായി പരാതി വ്യാപകമായിരുന്നു. പലരുടെയും വീസ ലഭിച്ചിട്ടില്ല. ഇതിനായി അടച്ച പണവും മടക്കി കിട്ടിയിട്ടില്ല എന്ന അവസ്ഥയുമുണ്ട്.

ഇതിനിടയില്‍ ഒമാനില്‍ നിന്നു റോഡുമാര്‍ഗം ഹത്ത വഴി യുഎഇ ലേക്ക് പ്രവേശിക്കുന്നവര്‍ക്ക് തുടര്‍ന്നും ഈ സൌകര്യം ലഭിക്കുമോ എന്നതു സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. വ്യാപാര സംബന്ധമായി ദിവസേന ഹത്ത അതിര്‍ത്തി വഴി ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം