ക്രിസ്മസ് ദിനത്തില്‍ കാട്ടുതീ; ഓസ്ട്രേലിയയില്‍ നൂറിലേറെ വീടുകള്‍ കത്തിനശിച്ചു
Saturday, December 26, 2015 7:31 AM IST
വിക്ടോറിയ: ഓസ്ട്രേലിയയില്‍ ക്രിസ്മസ് ദിനത്തിലൂണ്ടായ കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. അഗ്നിബാധയില്‍ നൂറിലേറെ വീടുകള്‍ കത്തിനശിച്ചു. തെക്കുകിഴക്കന്‍ സംസ്ഥാനമായ വിക്ടോറിയയിലാണ് കാട്ടുതീ വന്‍ നാശം വിതച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വീയി നദീതീരത്തുള്ള 98 വീടുകളും സെപ്പറേഷന്‍ ക്രീക്കില്‍ 18 വീടുകളുമാണ് കത്തിനശിച്ചത്. പ്രദേശത്തു നിന്ന് 1,600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. അഞ്ഞൂറിലധികം ഫയര്‍ ഫോഴ്സ് യൂണിറ്റുകളും 18 ഹെലികോപ്റ്ററുകളും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം നടത്തിവരികയാണ്. തീ നിയന്ത്രണ വിധേയമായതായാണ് വിവരം.