രണ്ടാംഘട്ട ക്രിസ്മസ് കരോള്‍ സര്‍വീസ് പൂര്‍ത്തിയായി
Tuesday, December 29, 2015 8:04 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് നയിച്ച ക്രിസ്മസ് കരോള്‍ സര്‍വീസ് വിജയകരമായി.

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബാംഗങ്ങള്‍ക്കുവേണ്ടി നേരത്തെ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. നാലുദിവസം നീണ്ട ക്രിസ്മസ് കരോള്‍ സര്‍വീസില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. ഓഷ്യാന ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ചാപ്ളെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍ എല്ലാ കുടുംബങ്ങളിലും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ചെണ്ടമേള വിദ്വാന്‍ സോളമന്‍ പാലക്കാട്ടിന്റെയും യുവഗായകന്‍ ജോ ജോണിന്റേയും ക്ളയിറ്റണ്‍ പള്ളിയിലെ ഗായകന്‍ ജയ്ക്കബിന്റെയും നേതൃത്വത്തില്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഗാനങ്ങള്‍ കുടുംബാംഗങ്ങള്‍ ഏവരും ആലപിച്ചു.

24ന് രാത്രി 8.30നു ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്കും സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി നേതൃത്വം നല്‍കി.

മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ക്നാനായ കാത്തലിക് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31നു(വ്യാഴം) ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കും. രാത്രി 7.30നു ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കുന്ന പുതുവത്സര കുര്‍ബാനയ്ക്ക് ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ഹാളില്‍ നടക്കുന്ന ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെയും മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റേയും ഭാരവാഹികള്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍