ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനു സിഡ്നിയില്‍ സ്വീകരണം
Monday, March 21, 2016 7:09 AM IST
സിഡ്നി: സിഡ്നി മലയാളി റോമന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഹൃസ്വസന്ദര്‍ശനാര്‍ഥം വത്തിക്കാനില്‍നിന്നുമുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലര്‍ ആന്‍ഡ് പാസ്ററല്‍ കെയര്‍ മൈഗ്രന്‍സ് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനു സിഡ്നി പൌരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

നാടിന്റെ വളര്‍ച്ച പ്രവാസം ആരംഭിച്ചപ്പോഴാണു തുടങ്ങിയതെന്നും അതുവഴി ക്രിസ്തീയ സഭയുടെ വളര്‍ച്ചയ്ക്കും അതു കാരണമായി എന്ന് ബിഷപ് ദിവ്യബലിമധ്യേ നടത്തില്‍ പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികള്‍ നാടിന്റെ നന്മയ്ക്കും വിദ്യാഭ്യാസത്തിനുമായി നല്‍കിയ സംഭാവനകള്‍ അദ്ദേഹം പ്രസംഗത്തില്‍ പ്രതിപാദിച്ചു.

സ്ട്രാത് ഫീല്‍ഡ് സെന്റ് മര്‍ത്യാ പള്ളിയില്‍ നടന്ന സ്വീകരണത്തിലും ദിവ്യബലിയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഓസ്ട്രേലിയയിലെ വിവിധ പ്രദേശങ്ങളില്‍ ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു സന്ദര്‍ശനം നടത്തിയിരുന്നു.

സിഡ്നിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ വിവിധ സഭകളെ പ്രതിനിധീകരിച്ച് വിനോദ് മത്തായി, ആന്റണി യേശുദാസന്‍, സിബിച്ചന്‍ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.