മെല്‍ബണ്‍ സൌത്ത് ഈസ്റില്‍ സംയുക്ത തിരുനാള്‍ മഹാമഹം
Monday, June 20, 2016 8:19 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭ സൌത്ത് ഈസ്റ് റീജണിന്റെ ആഭിമുഖ്യത്തില്‍ ഇടവക മധ്യസ്ഥന്‍മാരായ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്നു വരെ ആഘോഷിക്കുന്നു.

ജൂലൈ രണ്ടിനു (ശനി) വൈകുന്നേരം നാലിനു കൊടിയേറ്റവും പ്രസുദേന്തി വാഴ്ചയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നൊവേനയും നടക്കും തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോസി കിഴക്കേത്തലയ്ക്കല്‍, സൌത്ത് ഈസ്റ് ചാപ്ളെയിന്‍ ഫാ. ഏബ്രാഹം കുന്നത്തോളി മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിന് ജൂബിലി സംഗമം നടക്കും. തുടര്‍ന്നു ഭക്തി ഗാനങ്ങളുടെ ശ്രേണിയായി മെല്‍ബണ്‍ സാന്തോം മെലഡീസ് അവതരിപ്പിക്കുന്ന സങ്കീര്‍ത്തനമാലയും അരങ്ങേറും. ചടങ്ങില്‍ മെല്‍ബണ്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുര വിശിഷ്ടാഥിതി ആയിരിക്കും.

മൂന്നിനു (ഞായര്‍) ഡാന്‍ഡിനോംഗിലെ സെന്റ് ജോണ്‍സ് റീജണല്‍ കോളജിലെ ബ്രദ. ലിയോ സ്കോളെന്‍ സ്റേഡിയത്തില്‍ രാവിലെ 9.45നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍. ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്‍ വയലില്‍ കരോട്ട് ഒഎഫ്എം, ഫാ. ഏബ്രാഹം കുന്നത്തോളി എന്നിവര്‍ സഹകാര്‍മികരായിരിക്കും. 11.45 ന് തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്നു സ്നേഹവിരുന്നും നടക്കും. തിരുനാളിന്റെ ഭാഗമായി കഴുന്ന് എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നിനും സൌകര്യം ഉണ്ടായിരിക്കും.