സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ചു
Friday, July 15, 2016 11:07 PM IST
റിയാദ്: സൗദി അറേബ്യൻ തലസ്‌ഥാനമായ റിയാദിലെ ഭക്ഷണശാലയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. ആറ്റിങ്ങൽ ആലംകോട് ചെഞ്ചേരിക്കോണം മാജിദ മൻസിലിൽ നസീർ (40) ആണ് മരിച്ചത്. സൗദി വംശജരായ ഒരു സംഘമാണ് മലയാളി യുവാവിനെതിരേ നിറയൊഴിച്ചത്.

കഴിഞ്ഞ രാത്രി സൗദി സമയം 12.30 ഓടെയായിരുന്നു സംഭവം. ബ്രോസ്റ്റേറ്റ് എന്ന ഭക്ഷണശാല നടത്തിവരികയായിരുന്നു നസീർ. ഭക്ഷണശാലയിൽ എത്തിയ സ്വദേശികളുമായി നസീർ ബില്ലിന്റെ പേരിൽ തർക്കിച്ചുവെന്നും തുടർന്ന് മടങ്ങിയ സംഘം പിന്നീട് തിരിച്ചെത്തി വെടിയുതിർക്കുകയായിരുന്നുവെന്നും പറയുന്നു. സഹപ്രവർത്തകരായി ഒപ്പമുണ്ടായിരുന്ന നാല് മലയാളികളെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷമായിരുന്നു അക്രമി സംഘം നിറയൊഴിച്ചത്. നസീർ സംഭവ സ്‌ഥലത്ത് തന്നെ മരിച്ചു. പോലീസ് സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

നസീറിന്റെ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. സീനയാണ് ഭാര്യ. മക്കൾ മുഹമ്മദ് ആഷിഖ്, നസ്റ നസീർ, നസറി എന്നിവർ മക്കളാണ്.