ലോക യുവജന സമ്മേളനത്തിൽ ഒമാൻ പതാക വീശി മസ്ക്കറ്റ് മലയാളികൾ
Saturday, July 30, 2016 8:40 AM IST
മസ്ക്കറ്റ്: പോളണ്ടിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ മസ്ക്കറ്റിൽ നിന്നും ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മലയാളികളായ 14 പേരുടെ സംഘം തങ്ങളെ പോറ്റുന്ന രാജ്യത്തിന്റെ പതാക അഭിമാനത്തോടെ പോളണ്ടിന്റെ തെരുവുകളിൽ വീശി.

ജൂലൈ 25 മുതൽ 31 വരെ പോളണ്ടിലെ ക്രാക്കോവിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ ഒമാനിൽ നിന്നുള്ള ഗ്രൂപ്പിനെ ടിനു ഷെല്ലിയാണ് നയിക്കുന്നത്.

ജോൺ പോൾ പാപ്പായുടെ ജന്മനാടായ പോളണ്ടിൽ ഫ്രാൻസിസ് മാർപാപ്പായെ വരവേറ്റപ്പോൾ തന്റെ യൗവനത്തിൽ വിശുദ്ധരായ അൽഫോൻസാമ്മയേയും ചാവറ പിതാവിനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാൻ 1986 ൽ കോട്ടയത്തെത്തിയ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഓർമകൾ തുടിച്ചെന്നു റോയൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ഭാര്യ സെലിനോടൊപ്പം സംഘത്തിലുള്ള മാത്യു ജോർജ് പറഞ്ഞു. ആ വിശുദ്ധന്റെ നാട്ടിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുവജനങ്ങൾ ജയ് വിളിച്ചപ്പോൾ അന്നു കോട്ടയത്തു മുഴങ്ങി കേട്ട ‘വിവാ ഇൽ പാപ്പാ വിവാ ജോൺ പാദ്രി’ വിളികൾ മനസിൽ അലയടിച്ചുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

പോളണ്ടുകാരുടെ വീടുകളിലാണ് സംഘത്തിലുള്ളവരുടെ താമസം ക്രമീകരിച്ചിരിക്കുന്നത്. അവരുടെ ആഥിത്യ മര്യാദകൾ മലയാളികൾ കണ്ടുപഠിക്കേണ്ടതുണ്ടെന്നു സംഘത്തിലെ ഒരംഗമായ ടിനു പറഞ്ഞു. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ പറ്റുന്നത് വലിയൊരനുഭവമാണെന്നു മറ്റൊരംഗം അഭിപ്രായപ്പെട്ടു.

ലൂർദ്, അസീസി, വത്തിക്കാൻ തുടങ്ങി വിവിധ പുണ്യ സ്‌ഥലങ്ങൾ സന്ദർശിക്കുന്ന സംഘം ഓഗസ്റ്റ് 12നു വൈകിട്ട് ഫ്രാൻസിൽ നിന്നും മസ്ക്കറ്റിലേക്ക് തിരിക്കും.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം