നാടുകടത്തലിനു വിധിച്ചവരുടെ മടക്കം വൈകുന്നത് സാങ്കേതിക നടപടികളിലെ താമസം മൂലം: ഇന്ത്യൻ എംബസി
Monday, August 1, 2016 6:37 AM IST
കുവൈത്ത് : വിവിധ കാരണങ്ങളാൽ നാടുകടത്തലിനു വിധിക്കപ്പെട്ടവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ വൈകുന്നത് കുവൈത്തിലെ നിയമനടപടികൾ പൂർത്തിയാക്കാനുള്ള കാലതാമസം കൊണ്ടാണെന്നു ഇന്ത്യൻ എംബസി.

നടപടികൾ പൂർത്തീകരിക്കാൻ മൂന്നുമുതൽ ആറുമാസം വരെ വേണ്ടിവരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകുംമുമ്പ് ഇവരെ ഇന്ത്യയിലേക്ക് അയക്കാൻ എംബസിക്കാവില്ലെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.

വ്യത്യസ്ത നടപടികളാണ് ഓരോ കേസിലും സ്വീകരിക്കേണ്ടത്. സാധുതയുള്ള ഇഖാമ പതിച്ച പാസ്പോർട്ട് തൊഴിലുടമയുടെ കൈവശമുണ്ടെങ്കിൽ നാടുകടത്തലിനു വിധേയരാകുന്ന ഗാർഹികത്തൊഴിലാളിക്ക് വിമാന ടിക്കറ്റ് ലഭ്യമാക്കുന്ന മുറക്ക് യാത്ര സാധ്യമാകും. ഒളിച്ചോട്ട കേസുകളിൽ പരാതിയുടെ തീയതിതൊട്ട് മൂന്നുമുതൽ ആറുമാസം വരെയും ഇഖാമ കാലാവധി കഴിഞ്ഞ കേസുകളിൽ രണ്ടുമുതൽ മൂന്നുമാസം വരെയും വേണ്ടിവരും. ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനാവശ്യമായ എല്ലാ നടപടികളും എംബസി യഥാസമയം കൈക്കൊള്ളുന്നുണ്ട്. തൊഴിലുടമ, കുവൈത്ത് അധികൃതർ എന്നിവരുടെ സഹകരണം കൂടി കണക്കിലെടുത്താണ് തിരിച്ചയക്കൽ സാധിക്കുക. പരമാവധി നേരത്തേ നടപടികൾ പൂർത്തീകരിക്കാൻ എംബസിയുടെ ഇടപെടലുകൾ വഴി സാധ്യമാകുന്നുവെങ്കിലും മൂന്നുമുതൽ ആറുമാസം വരെ എന്നത് സ്വാഭാവിക സമയമായി കണക്കാക്കേണ്ടതുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഇഖാമ, വീസ നിയമലംഘനവുമായി ബന്ധപ്പെട്ടു പിടിയിലാകുന്നവരെ സ്വദേശത്തേക്ക് നാടുകടത്തുക എന്നതാണ് കുവൈത്ത് നിയമം. പിടിയിലാകുന്നവരെ പാർപ്പിക്കുന്നത് വിവിധ പോലീസ് സ്റ്റേഷനുകളിലാണ്. എണ്ണം വർധിക്കുന്നതോടെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും.

ഫെബ്രുവരി 15ലെ കണക്കനുസരിച്ച് 28495 ഇന്ത്യക്കാർ കുവൈത്തിൽ അനധികൃതമായി താമസിക്കുന്നുണ്ട്. പാസ്പോർട്ട് ഇല്ലാത്തവർക്കായി കുവൈത്ത് അധികൃതരിൽനിന്ന് അപേക്ഷ ലഭിച്ചാൽ കാലതാമസം കൂടാതെ എംബസി എമർജൻസി സർട്ടിഫിക്കറ്റ് നൽകാറുണ്ട്. പോലീസ് സ്റ്റേഷനുകൾ, തടവുകേന്ദ്രം, നാടുകടത്തൽ കേന്ദ്രം എന്നിവിടങ്ങളിൽ നിരന്തരം എംബസി അധികൃതർ ബന്ധപ്പെടാറുമുണ്ട്. ഈ വർഷം ജൂൺ 16വരെ 3127 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റു നൽകി. 2015ൽ 3922 പേർക്കും 2014 ൽ 2789 പേർക്കും 2013ൽ 2635 പേർക്കുമാണ് എമർജൻസി സർട്ടിഫിക്കറ്റു നൽകിയത്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ