ദമാമിൽ ശമ്പളമില്ലാതെ ആയിരത്തോളം തൊഴിലാളികൾ പ്രതിസന്ധിയിൽ
Tuesday, August 2, 2016 6:27 AM IST
ദമാം: എട്ടു മാസത്തോളമായി ശമ്പളം കുടിശികയായതിനാൽ ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിതത്തിലായ ആയിരത്തോളം തൊഴിലാളികൾ ദമാമിൽ ദുരിതത്തിൽ.

ദമാം സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്വകാര്യ കോൺട്രാക്ടിംഗ് കമ്പനി തൊഴിലാളികളാണ് ശമ്പളവും മറ്റു ആനുകൂല്യങ്ങളുമില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. ഇതിൽ നൂറോളം മലയാളികളും അകപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി അധികൃതർ പല തവണ ശമ്പള കുടിശിക തീർക്കാമെന്നു ഉറപ്പു നൽകിയെങ്കിലും പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. ഇതിനിടയിൽ പലരുടെയും ഇഖാമയുടെയും ഇൻഷ്വറൻസ് കാർഡിന്റെയും സമയപരിധി അവസാനിച്ചിരുന്നു. ഹൃദയാഘാതം മൂലവും മതിയായ ചികിത്സ ലഭിക്കാതെയും ഇവിടെ മൂന്നു തൊഴിലാളികളും മരിച്ചിരുന്നു.

ഉത്തരേന്ത്യയിലെ തൊഴിലാളികളുടെ ബന്ധുക്കൾ ഡൽഹിയിൽ ധർണ നടത്തിയതിനാൽ കേസ് ദേശീയ മാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു.

ഇതിനിടെ ഇവരുടെ ദുരവസ്‌ഥ മനസിലാക്കിയ മലയാളി സാമൂഹിക സംഘടനകളും ഇന്ത്യൻ ബിസിനസ് സംരംഭകരും ഇവർക്കു ഭക്ഷണ സാധങ്ങൾ ഉൾപെടെയുള്ള അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.

പലരുടെയും ഇഖാമയും ഇൻഷ്വറൻസ് കാർഡും കാലാവധിയും തീർന്നതിനാൽ അടിയന്തര ചികിത്സ പോലും തേടാനാവാത്ത അവസ്‌ഥയാണ്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം