ലാൻഡിംഗിനിടെ വിമാനം കത്തിയമർന്നു; മലയാളികൾ ഉൾപ്പെടെ 282 യാത്രക്കാർ രക്ഷപെട്ടു
Wednesday, August 3, 2016 4:21 AM IST
ദുബായ്: ദുബായ് വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനത്തിന് ലാൻഡിംഗിനിടെ തീപിടിച്ചു. തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് ഇകെ–521 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം മുഴുവനായി കത്തിയമർന്നു. യാത്രക്കാർ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ലാൻഡിംഗിനിടെ വിമാനത്തിന്റെ എൻജിനിൽ നിന്നു തീ പടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ റൺവേ അടച്ചു.

യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നുവെന്നും വിവരങ്ങൾ ഉണ്ട്. അപകടകാരണം എന്താണെന്ന് വ്യക്‌തമായിട്ടില്ല. ഇന്ത്യൻ സമയം 2.30നായിരുന്നു സംഭവം. ആദ്യം ലാൻഡ് ചെയ്ത വിമാനം വീണ്ടും പറന്നുയർന്നപ്പോഴാണ് തീപിടുത്തമുണ്ടായത്. ഇതേത്തുടർന്ന് അടിയന്തിരമായി വിമാനം താഴെയിറക്കുകയായിരുന്നു.